

സമസ്തയ്ക്കുള്ളിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടയില്‍ കേരള യാത്രയ്ക്ക് ഒരുങ്ങി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഡിസംബര്‍ 18ന്
കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്ന യാത്രക്ക് സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ ജിഫ്രി തങ്ങള്‍ക്ക് പതാക കൈമാറും. പത്ത് ദിവസത്തിന് ശേഷം യാത്ര മംഗലാപുരത്ത് അവസാനിക്കും. അതേസമയം സമസ്തക്കുള്ളിലെ പ്രശ്‌നങ്ങള്‍ കേരള യാത്രയിലെ ജനപങ്കാളിത്തത്തെ ബാധിക്കില്ലെന്ന് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ പറഞ്ഞു.
സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ മുന്നോടിയായാണ് സന്ദേശയാത്ര തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ 18 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്ന യാത്രക്ക് കേരളത്തിലെ 13 ജില്ലകളില്‍ സ്വീകരണമുണ്ട്. ഓരോ ജില്ലകളിലെയും പ്രമുഖ വ്യക്തികളെ ജിഫ്രി തങ്ങള്‍ നേരിട്ട് കാണും. സമസ്തയുടെ പ്രസിഡന്റ് ആദ്യമായി നടത്തുന്ന കേരള യാത്രയാണെന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്.
കേരളത്തിന് പുറത്ത് ഡിസംബര്‍ 25 ന് ഗൂഢല്ലൂരിലും യാത്രക്ക് സ്വീകരണമുണ്ട്. തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും പ്രവര്‍ത്തകര്‍ കൂടി യാത്രയില്‍ പങ്കാളികളാവും. സുന്നി വിശ്വാസികളായ സമസ്തയെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ പരിപാടിയിലേക്ക് എത്തി ചേരുമെന്നും മുസ്തഫ മുണ്ടൂപാറ പറഞ്ഞു
സമസ്തയ്ക്ക് ഉള്ളിലെ ലീഗ് വിരുദ്ധരുടെയും ലീഗ് അനുകൂലികളുടെയും തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടയിലാണ് ജിഫ്രി തങ്ങള്‍ കേരള യാത്ര നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് നൂറാം വാര്‍ഷിക സമ്മേളനവുമായി ബന്ധപ്പെട്ട പരിപാടികളില്‍ ലീഗ് അനുകൂല പക്ഷത്തിന്റെ പ്രാതിനിധ്യം കുറയാനും സാധ്യയുണ്ട്. 2026 ഫെബ്രുവരി നാല് മുതല്‍ എട്ട് വരെയാണ് കാസര്‍ഗോഡ് കുണിയയില്‍ വച്ചാണ് നൂറാം വാര്‍ഷിക സമ്മേളനം നടക്കുന്നത്.