കൊച്ചി: യുവാക്കൾക്കിടയിൽ ശാരീരിക ക്ഷമതയെകുറിച്ചുള്ള ചിന്തകൾ ഉയർന്നു വരുന്നുണ്ടെങ്കിലും ഹൃദയാരോഗ്യത്തെ കുറിച്ചുള്ള അവബോധം ഉണ്ടാകേണ്ടതുണ്ടെന്ന് പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം. കൃത്യമായ പരിശോധനയിലൂടെ യുവാക്കൾക്കിടയിലെ ഹൃദ്‌രോഗത്തെ ഒരു പരിധി വരെ മാറ്റി നിർത്താൻ സാധിക്കുമെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് ഇനി ഉണർവ് ഉണ്ടാകുമെന്ന പ്രതീക്ഷയും ഡോക്ടർ പ്രകടിപ്പിച്ചു.
യുവാക്കൾക്കിടയിൽ ഹൃദ്രോഗം കൂടി വരുന്നത് പലവിധ കാരണങ്ങൾ കൊണ്ടാണ്. കുഴഞ്ഞു വീണുള്ള മരണം എല്ലാം ഹൃദ്രോഗവുമായി ബന്ധപ്പെട്ടത് ആയിരിക്കില്ല. എന്നാൽ കോവിഡിന് ശേഷം ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതൽ ഉണ്ട്. കോവിഡ് വന്നവർ കൃത്യമായ ആരോഗ്യ പരിശോധന നടത്തണമെന്നും പത്മഭൂഷണ്‍ ജേതാവും പ്രശസ്ത കാര്‍ഡിയോതൊറാസിക് സര്‍ജനുമായ ജോസ് ചാക്കോ പെരിയപ്പുറം വ്യക്തമാക്കി.
വ്യായാമം ചെയ്യുന്ന ആളുകളുടെ ആരോഗ്യം അറിഞ്ഞു വേണം ഫിറ്റ്നസ് ട്രെയിനിങ് നൽകാൻ. ഉൾക്കൊള്ളാൻ ആകുന്നതിലും അധികം ഭാരം കൈകാര്യം ചെയ്യുന്നത് പെട്ടെന്നുള്ള ഹൃദയാഘതത്തിലേക്ക് വഴിവെക്കും. മസ്തിഷ്ക മരണത്തെ കുറിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തിയതാണ് ഹൃദയമാറ്റ ശസ്ത്രക്രിയകൾ നിലയ്ക്കാൻ കാരണം. അടുത്തിടെ നടന്ന 2 ശസ്ത്രക്രിയകളും പുതിയ ഉണർവിൻ്റെ തുടക്കം ആകണം എന്ന് ആഗ്രഹിക്കുന്നു എന്നും ജോസ് ചാക്കോ പെരിയപ്പുറം ചൂണ്ടിക്കാട്ടി.