തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൻ്റെ 52 ഔദ്യോഗിക വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് പരിപാടിയുടെ സംഘാടനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഗതാഗതവകുപ്പ്. സംഘാടനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് കമ്മീഷണർ വി. ജോയിയോടാണ് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. സംഘാടനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്നാണ് മന്ത്രി കെ. ബി. ഗണേഷ് കുമാറിൻ്റെ തീരുമാനം.
മന്ത്രിയുടെ നീരസത്തിൽ ഉദ്ഘാടന തീയതി തീരുമാനിക്കാനാവാത്ത അവസ്ഥയിലാണ് മോട്ടോർ വാഹന വകുപ്പ്. ഇതോടെ വാഹന വകുപ്പിന്റെ 52 ഔദ്യോഗിക വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് അനിശ്ചിതത്വത്തിലായി. വാഹനങ്ങൾ നിലവിൽ കെഎസ്‌ആർടിസിയുടെ ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്നലെ കനകക്കുന്ന് പാലസ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു മന്ത്രി ഇറങ്ങിപ്പോയത്. പരിപാടി സംഘാടനം കൃത്യമായില്ലെന്ന് പറഞ്ഞാണ് മന്ത്രി പരിപാടി ബഹിഷ്കരിച്ചത്. സദസ്സില്‍ ആളില്ലാത്തതിന് കാരണം സംഘാടനകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി വേദി വിട്ട് ഇറങ്ങുകയായിരന്നു.
ഫ്ലാഗ് ഓഫ് നടത്തേണ്ട വാഹനങ്ങൾ കൃത്യ സമയത്ത് ക്രമീകരിക്കാത്തതും പരിപാടിയിൽ വേണ്ടത്ര ആൾക്കാരെ പങ്കെടുപ്പിക്കാത്തതുമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. സംഘാടകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വേദിയിൽ വച്ച് തന്നെ മന്ത്രി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയുടെ നീക്കം.
"ഗതാഗത വകുപ്പിന്റേയും മോട്ടോര്‍ വാഹനവകുപ്പിന്റേയും പരിപാടിയായിരുന്നു ഇത്. സദസിൽ ആകെയുള്ളത് പാര്‍ട്ടി പ്രവര്‍ത്തകരും എൻ്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളവരും കെഎസ്ആര്‍ടിസിയിലെ ജീവനക്കാരും മാത്രമാണ്. വന്ന ഉദ്യോഗസ്ഥര്‍ പോലും എസി ഇട്ട് വണ്ടിയുടെ അകത്തിരുന്നു. ഉദ്യോഗസ്ഥരുടേത് ധിക്കാരപരമായ നടപടിയാണ്. പ്രോട്ടോക്കോളും മര്യാദയും പാലിച്ചില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കും" കെ.ബി. ഗണേഷ് കുമാർ ഇതും പറഞ്ഞ് വേദി വിട്ട് ഇറങ്ങുകയായിരുന്നു.