അടൂർ തിരുത്തണം, ഭാസ്കര പട്ടേലർ ഒരു കഥാപാത്രം മാത്രമായിരുന്നുവെന്ന് ബോധ്യപ്പെടണം: കെ. സി. വേണുഗോപാല്‍

അടൂരിന്റെ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകള്‍ അരികുവല്‍ക്കരിക്കപ്പെട്ടവരോടുള്ള ഫ്യൂഡൽ പൊതുബോധ കാഴ്ചപ്പാടിനെ ഊട്ടിയുറപ്പിക്കുക കൂടിയാണെന്ന് കെ.സി. വേണുഗോപാല്‍
കെ.സി. വേണുഗോപാല്‍, അടൂർ ഗോപാലകൃഷ്ണന്‍
കെ.സി. വേണുഗോപാല്‍, അടൂർ ഗോപാലകൃഷ്ണന്‍Source: Facebook
Published on

കൊച്ചി: അടൂർ ഗോപാലകൃഷ്ണന്റെ പ്രസ്താവനകള്‍ നിരാശാജനകവും അപലപനീയവുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. പിന്നാക്ക വിഭാഗങ്ങളെയും സ്ത്രീകളെയും അപമാനിക്കുന്ന പരാമർശം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കലാകാരനിൽ നിന്നുണ്ടാകുമ്പോൾ, കടുത്ത ഭാഷയിൽത്തന്നെ എതിർപ്പ് രേഖപ്പെടുത്തേണ്ടതുണ്ടെന്ന് വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അടൂരിന്റെ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകള്‍ അരികുവല്‍ക്കരിക്കപ്പെട്ടവരോടുള്ള ഫ്യൂഡൽ പൊതുബോധ കാഴ്ചപ്പാടിനെ ഊട്ടിയുറപ്പിക്കുക കൂടിയാണെന്ന് കെ.സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. അടൂർ സ്വയം തിരുത്തണമെന്നും ഭാസ്കര പട്ടേലർ തന്റെ ഒരു കഥാപാത്രം മാത്രമായിരുന്നുവെന്ന് ബോധ്യപ്പെടണമെന്നും വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

കെ.സി. വേണുഗോപാല്‍, അടൂർ ഗോപാലകൃഷ്ണന്‍
"സാഹിത്യത്തിലും കാസ്റ്റിങ് കൗച്ച്"; ആരോപണവുമായി എഴുത്തുകാരി ഇന്ദു മേനോന്‍

പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്കും സ്ത്രീകള്‍ക്കും സിനിമ നിർമിക്കാൻ സർക്കാർ പണം നൽകുന്നതിലായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം. സിനിമാ നയരൂപീകരണ കോണ്‍ക്ലേവ് ആയിരുന്നു വേദി. സർക്കാർ നല്‍കുന്ന ഒന്നരക്കോടി ഫണ്ട് മൂന്നായി വിഭജിക്കണമെന്നും സംവിധായകർക്ക് മൂന്നു മാസത്തെ പരിശീലനം നൽകണമെന്നുമാണ് കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ അടൂർ പറഞ്ഞത്. പരാമർശം നടത്തിയപ്പോൾ തന്നെ സദസിലിരുന്ന ഗായിക പുഷ്പവതി പ്രതിഷേധ സ്വരമുയർത്തിയിരുന്നു. ദളിത് സമൂഹത്തെ മുഖ്യധാരാ സിനിമയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് പണം നൽകുന്നതിന്റെ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാനും വിശദീകരിച്ചു.

എന്നാല്‍, തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്ന സമീപനമാണ് അടൂർ തുടർന്നത്. താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും നിങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും അടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രസ്താവനയില്‍ കോണ്‍ക്ലേവ് വേദിയില്‍ പ്രതിഷേധം അറിയിച്ച പുഷ്പവതിയേയും അടൂർ വിമർശിച്ചു. പുഷ്പവതി എങ്ങനെ കോണ്‍ക്ലേവില്‍ പങ്കെടുത്തുവെന്ന് അറിയില്ലെന്നായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ പ്രതികരണം.

കെ.സി. വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരളം ബഹുമാനിക്കുന്ന വിഖ്യാത ചലച്ചിത്രകാരനാണ് അടൂർ ഗോപാലകൃഷ്ണൻ. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിൽ നിന്നുണ്ടായ പരാമർശം അങ്ങേയറ്റം നിരാശാജനകവും അപലപനീയവുമാണ്. പിന്നോക്ക വിഭാഗങ്ങളെയും സ്ത്രീകളെയും അപമാനിക്കുന്ന പരാമർശം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കലാകാരനിൽ നിന്നുണ്ടാകുമ്പോൾ, കടുത്ത ഭാഷയിൽത്തന്നെ എതിർപ്പ് രേഖപ്പെടുത്തേണ്ടതുണ്ട്.

പിന്നോക്ക വിഭാഗങ്ങളെയും സ്ത്രീകളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാൻ പരിശ്രമിക്കേണ്ടുന്ന, അതിന് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കേണ്ടുന്ന അദ്ദേഹത്തെപ്പോലുള്ളവർ തികച്ചും ഉത്തവാദിത്തരഹിതമായി സംസാരിക്കുന്നത്, അരികുവത്കരിക്കപ്പെട്ടവരോടുള്ള ഫ്യൂഡൽ പൊതുബോധ കാഴ്ചപ്പാടിനെ ഊട്ടിയുറപ്പിക്കുക കൂടിയാണ് ചെയ്യുക.

പിന്നോക്ക വിഭാഗത്തിൽ നിന്നും സ്ത്രീ സമൂഹത്തിൽ നിന്നും വരുന്നവർ മാത്രം പരിശീലനത്തിന് വിധേയരാകണമെന്ന കാഴ്ചപ്പാട് അദ്ദേഹത്തിന്റെ കണ്ണാടിയുടെ പ്രശ്നമാകാം. മറ്റ് വിഭാഗങ്ങളിൽപ്പെട്ടവർക്ക് ആ പരിശീലനത്തിന്റെ ആവശ്യമില്ലാത്തത് സമൂഹത്തിൽ കാലങ്ങളായി നിലനിൽക്കുന്ന വിവേചനത്തിന്റെ പരിണിതഫലമാണ്. ഇപ്പോഴും ആ ചിന്ത തന്നെയാണോ താൻ തുടരുന്നതെന്ന് സിനിമാ രംഗത്തെ ഗുരുസ്ഥാനീയനായി പലരും കാണുന്ന അടൂർ ഗോപാലകൃഷ്ണൻ സ്വയം പരിശോധിക്കണം. സ്വയം തിരുത്തണം. ഭാസ്കര പട്ടേലർ തന്റെ ഒരു കഥാപാത്രം മാത്രമായിരുന്നുവെന്ന് ബോധ്യപ്പെടണം.

ഒപ്പം, അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തോട് അതേ സദസ്സിൽ വെച്ച് ത്തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയ ഗായിക പുഷ്പവതി അഭിനന്ദനമർഹിക്കുന്നു. തിരുത്തപ്പെടേണ്ടത് തിരുത്തിത്തന്നെ പോകുമ്പോഴാണ് കേരളം പ്രബുദ്ധ കേരളമായി നിലകൊള്ളുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com