

അരിയിൽ ഷുക്കൂർ വധക്കേസിൽ കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. 14 വർഷം മുമ്പ് മാധ്യമങ്ങൾ കെട്ടിച്ചമച്ച കള്ളക്കഥയാണ് ഇപ്പോൾ പൊളിഞ്ഞതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിച്ച നുണക്കോട്ടയാണ് കോടതി വിധിയിലൂടെ തകർന്നതെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടി നേതാക്കൾക്കെതിരെയുണ്ടായ ആക്രമണത്തിൽ സ്വാഭാവികമായുണ്ടായ പ്രതികരണത്തെ നേതാക്കളുടെ ഗൂഢാലോചനയായി ചിത്രീകരിക്കാനാണ് മാധ്യമങ്ങൾ ഉൾപ്പെടെ ശ്രമിച്ചത്. പാർട്ടിക്കെതിരായ ആക്രമണം അറിഞ്ഞ് സ്ഥലത്തേക്ക് പോയവരാണ് പിന്നീട് അക്രമത്തിനിരയായതെന്നും അദ്ദേഹം പറഞ്ഞു. ഇവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൊലപാതക ഗൂഢാലോചന നടത്തിയതെന്നായിരുന്നു ആരോപണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'പാർട്ടി കോടതി' എന്ന പ്രചാരണം കെട്ടിപ്പൊക്കുകയും പാർട്ടി ഗൂഢാലോചനയെന്ന വലിയ നുണ ആവർത്തിച്ച് പ്രചരിപ്പിക്കുകയുമായിരുന്നു. ഇതിന്റെ പേരിൽ പാർട്ടി നേതാക്കളെ വേട്ടയാടി. അതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ കോടതിയിൽനിന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കള്ളസാക്ഷികളെ ഹാജരാക്കിയാണ് കേസ് കെട്ടിപ്പൊക്കിയതെന്നും സി.ബി.ഐക്ക് കേസ് കൈമാറിയതിന് പിന്നിൽ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാനുള്ള നീക്കമുണ്ടായിരുന്നുവെന്നും കെ.കെ. രാഗേഷ് ആരോപിച്ചു. കെട്ടിച്ചമച്ച വലിയ നുണ തകർന്നുവെന്ന് മാധ്യമങ്ങൾ ഇനിയെങ്കിലും സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വലിയ കടന്നാക്രമണങ്ങൾക്ക് വിധേയനായ നേതാവാണ് പി. ജയരാജൻ. അദ്ദേഹത്തിനെതിരായ ആക്രമണം വലിയ പ്രകോപനമുണ്ടാക്കിയിരുന്നു. എന്നാൽ, അതിന് മുമ്പ് നടന്ന സംഭവങ്ങൾ പറയാതെ 'പാർട്ടി കോടതി' എന്ന പ്രചാരണം മാത്രമാണ് മാധ്യമങ്ങൾ മുന്നോട്ടുവെച്ചതെന്നും അദ്ദേഹം വിമർശിച്ചു.
ദൗർഭാഗ്യകരമായ ഒരു സംഭവം ചില പ്രകോപനങ്ങളുടെ ഭാഗമായി ഉണ്ടായതാണെന്നും അതിന്റെ പശ്ചാത്തലം മറച്ചുവെച്ച് തെറ്റായ പ്രചാരണം നടത്തുകയായിരുന്നു മാധ്യമങ്ങളെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ നിലപാട് തെറ്റായിരുന്നുവെന്ന് പറയാൻ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ തയ്യാറാകുമോയെന്നും കെ.കെ. രാഗേഷ് ചോദിച്ചു.