
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ സന്തോഷകരമായ സമീപനമാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സ്വീകരിച്ചതെന്ന് മന്ത്രി വി.എൻ. വാസവൻ. യുഡിഎഫിനും ബിജെപിക്കും എതിരെ സുകുമാരൻ നായർ ഉയർത്തിയത് സൃഷ്ടിപരമായ വിമർശനമാണ്. സദുദ്ദേശപരമാണ് സുകുമാരൻ നായരുടെ പ്രതികരണമെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
"അയ്യപ്പ സംഗമത്തിന് സുകുമാരൻ നായർ നേരത്തെ തന്നെ പിന്തുണ അറിയിച്ചിരുന്നു. സുകുമാരൻ നായരുടെ നിലപാട് സ്വാഗതാർഹമാണ്. എല്ലാ അർത്ഥത്തിലും ഞങ്ങൾ എടുത്ത നിലപാട് ശരിയാണെന്ന് സ്ഥിരീകരിക്കുന്നതാണ് സുകുമാരൻ നായരുടെ പ്രതികരണം. അയ്യപ്പ സംഗമത്തിൽ എൻഎസ്എസിന്റെ പ്രതിനിധിയെ അവതരിപ്പിച്ചതും ശരിയായ നിലപാടാണ്. തെരഞ്ഞെടുപ്പ് ആയി ഈ പ്രതികരണത്തിനു ഒന്നും ബന്ധം ഇല്ല. എൻഎസ്എസ് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്തു", വി.എൻ. വാസവൻ.
എൻഎസ്എസ് ഒരിക്കലും സർക്കാരിനെ എതിർത്തിട്ടില്ല. ചില കാര്യങ്ങൾ വരുമ്പോൾ അഭിപ്രായവും വിമർശനങ്ങളും പറയും. പ്രശ്നാധിഷ്ഠിതമായി കാര്യങ്ങൾ പറയുന്നത് നിലപാടാണെന്നും വി.എൻ. വാസവൻ പറഞ്ഞു. അതേസമയം, ബദൽ അയ്യപ്പ സംഗമത്തിനെതിരെയും വി.എൻ. വാസവൻ പ്രതികരിച്ചു. ബദൽ അയ്യപ്പ സംഗമത്തിൽ നടന്നത് മതനിരപേക്ഷതയിൽ പോറൽ എൽപ്പിക്കുന്ന സംഭവങ്ങളാണ്. അവിടെ പ്രസംഗിച്ച ഒരാൾ വാവരെ തീവ്രവാദി എന്ന് വിളിച്ചു. പന്തളം കൊട്ടാരം തന്നെ അതിനെതിരെ നിയമ നടപടിക്ക് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അയ്യപ്പ സംഗമത്തിന് എൻഎസ്എസും എസ്എൻഡിപിയും നല്ല പിന്തുണയാണ് നൽകിയതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ശബരിമലയുടെ അടിസ്ഥാന വികസനമാണ് ലക്ഷ്യം. വികസനം ലക്ഷ്യമാക്കി തുടർ പ്രവർത്തനവുമായി മുന്നോട്ടു പോകുമെന്നും പി.എസ്. പ്രശാന്ത് വ്യക്തമാക്കി. അയ്യപ്പ സംഗമത്തിൽ ആളില്ലായിരുന്നു എന്ന പ്രചരണം സംഗമം പൊളിഞ്ഞു പോയെന്ന് വരുത്താൻ നടത്തുന്ന പ്രചാരവേല ആണെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പ സംഗമം ബഹിഷ്കരിച്ച കോൺഗ്രസിന് എതിരെ രൂക്ഷമായ വിമർശനമാണ് സുകുമാരൻ നായർ ഉയർത്തിയത്. കോൺഗ്രസിന് ഹിന്ദു വോട്ടുകൾ വേണ്ട. അവരുടെ ലക്ഷ്യം ന്യൂനപക്ഷ വോട്ടുകൾ മാത്രമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് കോൺഗ്രസ് അയ്യപ്പ സംഗമം ബഹിഷ്കരിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു. നാമജപ ഘോഷയാത്രയിൽ പോലും കോൺഗ്രസും ബിജെപിയും പങ്കെടുത്തില്ലെന്നും ജി. സുകുമാരൻ നായർ പറഞ്ഞിരുന്നു.