തിരുവനന്തപുരം: കോൺഗ്രസ് എംപി ശശി തരൂരിന് പ്രഥമ സവർക്കർ പുരസ്കാരം ലഭിച്ചതിൽ പ്രതികരിച്ച് കെ. മുരളീധരൻ. സവർക്കറുടെ പേരിലുള്ള ഒരു അവാർഡും പാർട്ടി പ്രവർത്തകർ സ്വീകരിക്കാൻ പാടില്ല. അത് പാർട്ടിക്ക് അപമാനം ഉണ്ടാക്കുന്നതാണ്. തരൂർ അവാർഡ് വാങ്ങുമെന്ന് കരുതുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
സുരേഷ് ഗോപി നിയമ വിരുദ്ധമായി വോട്ട് ചേർത്തെന്ന ആരോപണത്തിലും മുരളീധരൻ പ്രതികരിച്ചു. സുരേഷ് ഗോപി ഓരോ ഇലക്ഷനും ഓരോ സ്ഥലത്ത് വോട്ട് ചെയ്യുന്നു. അത് ശരിയല്ല എന്നായിരുന്നു മുരളീധരൻ പറഞ്ഞത്.
ദിലീപിന് നീതി കിട്ടിയെന്ന അടൂർ പ്രകാശിൻ്റെ പ്രസ്താവന പ്രസ്താവന നിരുത്തരവാദപരമാണ്. രാഷ്ട്രീയ എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്ത അവസ്ഥയിലായി. അദ്ദേഹം ഇത് ചെയ്യാൻ പാടില്ലായിരുന്നു. പാർട്ടി കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് കെപിസിസി അധ്യക്ഷനാണ് എന്നും മുരളീധരൻ ഓർമപ്പെടുത്തി.
തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ സാധ്യതകൾക്ക് മങ്ങൽ ഏറ്റിട്ടില്ല. പോളിങ് ശതമാനം കുറഞ്ഞത് വോട്ടർ പട്ടികയിൽ പ്രശ്നങ്ങൾ കാരണമാണ് എന്നും, 50ൽ കൂടുതൽ സീറ്റ് കിട്ടും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.