

കൊല്ലം: ഇടതു സർക്കാർ നടപ്പിലാക്കിയ കെ- ഫോൺ പദ്ധതി കൊല്ലം ജില്ലയിൽ മന്ദഗതിയിലാണെന്ന രേഖകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും 11,000 ത്തിന് അടുത്ത് കണക്ഷനുകളാണ് നൽകാൻ കഴിഞ്ഞതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
കണക്ഷന് അർഹരായ ബിപിഎൽ ലിസ്റ്റിലുള്ള ആയിരക്കണക്കിന് കുടുംബങ്ങൾ ഇപ്പോഴും പട്ടികയ്ക്ക് പുറത്താണ്. 2019ലാണ് എൽഡിഎഫ് സർക്കാർ 1041.5 കോടി ചെലവിൽ കെ. ഫോൺ പദ്ധതി നടപ്പിലാക്കിയത്. കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും കൊല്ലം ജില്ലയിൽ നൽകാനായത് 11, 163 കണക്ഷൻ.
കൂടാതെ ജില്ലയിലെ ഗാർഹിക കണക്ഷനുകളായി കേവലം 7, 455 ഗുണഭോക്താക്കളെ മാത്രമാണ് കണ്ടെത്താനായത്. ബിപിഎൽ വിഭാഗത്തിൽ ജില്ലയിലാകെ 47, 277 എ.വൈ കാർഡുകളും 3,55114 പിഎച്ച് മുൻഗണനാ കാർഡുകളുമാണ് ഉള്ളത്. എന്നാൽ ഇതിൽ 1475 കുടുംബങ്ങൾക്ക് മാത്രമാണ് കെ-ഫോൺ കണക്ഷൻ നൽകിയത്.
ബിപിഎൽ കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഇൻ്റർനെറ്റ് കണക്ഷൻ നൽകുമെന്നാണ് എൽഡിഎഫ് സർക്കാർ പറഞ്ഞിരുന്നത്. ജില്ലയിൽ വ്യാവസായിക കണക്ഷനുകളായി നൽകിയത് 16 എണ്ണം മാത്രമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കൂടാതെ വ്യാവസായിക വിഭാഗങ്ങളിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്നും ആക്ഷേപമുണ്ട്. നെറ്റ് വർക്ക് തകരാറുകളും, ഫീസിബിലിറ്റി പരിശോധനകളിലെ സങ്കീർണതകളും കാരണം അപേക്ഷ നൽകിയ പലർക്കും ഇപ്പോഴും കണക്ഷന് വേണ്ടി കാത്തിരിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ പലരും ബിഎസ്എൻഎല്ലിനേയും മറ്റ് ഇൻ്റർനെറ്റ് സേവന ദാതാക്കളേയും ആശ്രയിക്കുകയാണ്.