കണ്ണൂർ: ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം അറിഞ്ഞിട്ടില്ലെന്ന് കെ. സുധാകരൻ. രാഹുലിനെതിരെ നടപടി എടുക്കുന്ന യോഗത്തിൽ ഞാൻ പങ്കെടുത്തിട്ടില്ല. രാഹുലിൻ്റെ കാര്യത്തിൽ തൻ്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നും, ഓരോരുത്തർക്കും അവരരുടെ അഭിപ്രായം ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.
അവൻ നന്നാവണം, മനസ് മാറണം , ജീവിത ശൈലി മാറ്റണം. രാഹുലിനെ പോലൊരു രാഷ്‌ട്രീയക്കാരനെ തകർക്കാനും നശിപ്പിക്കാനും നിൽക്കുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ലെന്നും സുധാകരൻ പറഞ്ഞു.
കഴിഞ്ഞ ദിവസവും രാഹുലിനെ പിന്തുണച്ച് സുധാകരൻ പ്രതികരിച്ചിരുന്നു. രാഹുലിനെതിരെ ഉയർന്നുവന്ന ആരോപണത്തെ പറ്റി അന്വേഷിച്ചിരുന്നുവെന്നും, രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധിയാണ് എന്നുമായിരുന്നു സുധാകരൻ പറഞ്ഞത്. കോൺഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. രാഹുലുമായി വേദി പങ്കിടാൻ മടിയില്ലെന്നും രാഹുൽ കോൺഗ്രസിൽ സജീവമാകണമെന്നും കെ. സുധാകരൻ പറഞ്ഞിരുന്നു.