കണ്ണൂർ: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരാതി നൽകിയതായി സ്ഥിരീകരിച്ച് കെ. സുധാകരൻ എംപി. ഡിസിസി പുനഃസംഘടനയിൽ എല്ലാം ചർച്ച ചെയ്തു പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് കെ. സുധാകരൻ പറഞ്ഞു. ചിലർക്ക് ചില താൽപര്യങ്ങൾ ഉണ്ടാകും, അത് പറയും, കൊള്ളാവുന്ന ഡിസിസി പ്രസിഡന്റുമാരെ മാറ്റരുതെന്നാണ് അഭിപ്രായമെന്നും കെ. സുധാകരൻ വ്യക്തമാക്കി. അത് ആരൊക്കെയെന്ന് നേതൃത്വം തീരുമാനിക്കട്ടെയെന്നും കെ. സുധാകരൻ.
കെപിസിസി- ഡിസിസി പുനഃസംഘടനയിലെ പട്ടിക തയാറാക്കിയതില്‍ എതിർപ്പറിയിച്ച് എംപിമാര്‍ രാഹുല്‍ഗാന്ധിക്ക് പരാതി നല്‍കിയിരുന്നു. വര്‍ക്കിങ് പ്രസിഡൻ്റുമാരായ ഷാഫി പറമ്പിലും വിഷ്ണുനാഥും ചേര്‍ന്നാണ് പട്ടിക തയാറാക്കിയതെന്നാണ് പരാതിയിൽ പറയുന്നത്. കൂടിയാലോചന എന്ന പേരില്‍ നടന്നത് പ്രഹസനമാണെന്ന് കെ. സുധാകരൻ പറഞ്ഞിരുന്നു. ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പലയിടത്തും നിര്‍ദേശിച്ചത് ഒറ്റപ്പേര് മാത്രമാണെന്നും ആക്ഷേപമുണ്ട്. കൊടിക്കുന്നേൽ സുരേഷ്, ബെന്നിബഹ്നാൻ, എം കെ രാഘവൻ അടക്കമുള്ളവരുമായി ഹൈക്കമാൻ് വീണ്ടും ചർച്ച നടത്തും. അവസാന വട്ട കൂടിക്കാഴ്ചകള്‍ നടത്തി ഈയാഴ്ച തന്നെ പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം.
കെപിസിസി-ഡിസിസി ഭാരവാഹികളുടെ പാനൽ പട്ടികയിൽ കേരള എംപിമാർ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഡൽഹിയിലെ വസതിയിൽ കെ. സുധാകരൻ , ബെന്നി ബെഹ്നാൻ , എം.കെ. രാഘവൻ അടക്കമുള്ളവർ യോഗം ചേർന്നിരുന്നു. എല്ലാവരുമായി കൂടിയാലോചിച്ച് പുനഃസംഘടന പൂർത്തിയാക്കുമെന്നായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞത്.