കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് സീറ്റിനായി ബിജെപിയിൽ അവകാശവാദം. വട്ടിയൂർക്കാവ് നിയമസഭാ സീറ്റിന് കടുംപിടിത്തവുമായി കെ. സുരേന്ദ്രൻ മുന്നോട്ടുവന്നു. വട്ടിയൂർക്കാവ് കിട്ടിയില്ലെങ്കിൽ താൻ മത്സരിക്കാൻ ഇല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ആർ. ശ്രീലേഖയെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വം നീക്കം നടത്തുന്നതിനിടെയാണ് സുരേന്ദ്രൻ്റെ കടുംപിടിത്തം. ശ്രീലേഖയെ പരിഗണിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
മത്സരിക്കുന്നെങ്കിൽ വട്ടിയൂർക്കാവോ തൃശൂരോ വേണമെന്ന് സുരേന്ദ്രൻ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ ഇനി മത്സരത്തിനില്ലെന്നാണ് കെ. സുരേന്ദ്രന്റെ നിലപാട്. ഇതിനായി നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്താനാണ് നീക്കം. കെ. സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കാൻ ബിജെപി നേതൃത്വം ആലോചിച്ചിരുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥിതികൂടി പരിഗണിച്ചാണ് ബിജെപി നേതൃത്വം സ്ഥാനാർഥികളെ പരിഗണിക്കുന്നത്.
തിരുവനന്തപുരം മേയർ സ്ഥാനം വാഗ്ദാനം ചെയ്തിട്ടും അവസാന നിമിഷം തഴഞ്ഞെന്ന ശ്രീലേഖയുടെ പരാതിയും പരിഗണിച്ചാണ് വട്ടിയൂർക്കാവിൽ ശ്രീലേഖയെ ആലോചിക്കുന്നത്. കോർപ്പറേഷൻ തെരഞ്ഞടുപ്പിനെ തുടർന്ന് ഏറെ വിവാദം ഉണ്ടായ മണ്ഡലമാണ് വട്ടിയൂർക്കാവ്. നിലവിൽ സിപിഐഎമ്മിലെ വി.ക. പ്രശാന്താണ് വട്ടിയൂർക്കാവ് എംഎൽഎ. ബിജെപി കൗൺസിലറായി വിജയിച്ച ആർ. ശ്രീലേഖ ഓഫീസ് മുറിയുമായി ബന്ധപ്പെട്ട് നടത്തിയ നീക്കങ്ങളാണ് വട്ടിയൂർക്കാവിൽ വലിയ രാഷ്ട്രീയ പ്രശ്നമായി മാറിയത്.