തൃശൂർ: ഗുരുതര വോട്ട് ക്രമക്കേടിൽ ഹരിഹാസവുമായി ബിജെപി. ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച് കെ. സുരേന്ദ്രൻ രംഗത്തെത്തി. 60,000 വോട്ട് ഞങ്ങൾ വ്യാജമായി നേടിയെങ്കിൽ നിങ്ങൾ എന്ത് നോക്കി ഇരിക്കുകയായിരുന്നു എന്നായിരുന്നു കെ. സുരേന്ദ്രന്റെ ചോദ്യം. വിഷയത്തിൽ സുരേഷ് ഗോപി മറുപടി പറയേണ്ട ആവശ്യമില്ലെന്നും പാർട്ടിയാണ് മറുപടി പറയേണ്ടതെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
സുരേഷ് ഗോപി ലോക്സഭാ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുമ്പോൾ അധ്യക്ഷനായിരുന്ന തനിക്ക് വിഷയത്തെക്കുറിച്ച് എല്ലാമറിയാമെന്ന് പറഞ്ഞായിരുന്നു കെ. സുരേന്ദ്രൻ്റെ പ്രസ്താവന. "തൃശൂരിൽ ബിജെപി 60,000 കള്ളവോട്ട് ചേർത്തു എന്നാണ് എതിരാളികൾ പ്രചരിപ്പിക്കുന്നത്. എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത് ഇതാണ്. ആ സമയത്ത് നിങ്ങൾ എന്ത് നോക്കിയിരിക്കുകയായിരുന്നു? ഇത്രയധികം കള്ളവോട്ടുണ്ടായിട്ടും തടയാൻ കഴിഞ്ഞില്ലെങ്കിൽ തൂങ്ങിച്ചാവുന്നതാണ് നല്ലത്,"കെ. സുരേന്ദ്രൻ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് രാഹുൽ ഗാന്ധിയും പിണറായി വിജയനും ശ്രമിക്കുന്നതെന്നാണ് രാജീവ് ചന്ദ്രശേഖറിൻ്റെ ആരോപണം. വ്യാജ വോട്ട് ആരോപണത്തിന്റെ മെറിറ്റിലേക്ക് ഇല്ലെന്നും പരിശോധിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പത്തുകൊല്ലം ജനങ്ങളെ ദ്രോഹിച്ച സർക്കാർ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിക്കുന്നു. ജനങ്ങളെ വിഡ്ഢിയാക്കാൻ ശ്രമിക്കാതെ, തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി കൊടുക്കുകയാണ് വേണ്ടത്. ജനങ്ങളെ വിഡ്ഢിയാക്കാൻ ശ്രമിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്, അവരുടെ ബി ടീമാണ് സിപിഐഎം. ഒന്നര കൊല്ലം മുൻപ് നടന്ന സുരേഷ് ഗോപിയുടെ വിജയം എങ്ങനെ ഇപ്പോൾ ചർച്ചയാകുന്നുവെന്ന് ചോദിച്ച രാജീവ് ചന്ദ്രശേഖർ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയും പല നാടകങ്ങളും നടത്തുമെന്നും ആരോപിച്ചു.