തിരുവനന്തപുരം: തൃശൂർ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് രാഹുൽ ഗാന്ധിയും പിണറായി വിജയനും ശ്രമിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. വ്യാജ വോട്ട് ആരോപണത്തിന്റെ മെറിറ്റിലേക്ക് ഇല്ലെന്നും പരിശോധിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാജീവ് ചന്ദ്രശേഖർ.
പത്തുകൊല്ലം ജനങ്ങളെ ദ്രോഹിച്ച സർക്കാർ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിക്കുന്നു. ജനങ്ങളെ വിഡ്ഢിയാക്കാൻ ശ്രമിക്കാതെ, തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി കൊടുക്കുകയാണ് വേണ്ടത്. ജനങ്ങളെ വിഡ്ഢിയാക്കാൻ ശ്രമിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്, അവരുടെ ബി ടീമാണ് സിപിഐഎം. ഒന്നര കൊല്ലം മുൻപ് നടന്ന സുരേഷ് ഗോപിയുടെ വിജയം എങ്ങനെ ഇപ്പോൾ ചർച്ചയാകുന്നുവെന്ന് ചോദിച്ച രാജീവ് ചന്ദ്രശേഖർ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയും പല നാടകങ്ങളും നടത്തുമെന്നും ആരോപിച്ചു.
"70,000 വോട്ടിന് ജയിച്ച സുരേഷ് ഗോപിയുടെ വിജയത്തിൽ ഇന്ന് എന്തിനാണ് ഒരു വിവാദം? ആറല്ല 11 വോട്ടിന്റെ കാര്യമായാലും 70,000 വോട്ടിന്റെ അത്രയും വരില്ലല്ലോ. നുണ പറഞ്ഞ് ജനങ്ങളെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണ്. പകുതി നുണയും പകുതി സത്യവും വെച്ച് പ്രൊപ്പഗൻഡ ചെയ്യുകയാണ്. ഫ്ലാറ്റിലെ വോട്ട് ചേർക്കലിൽ ക്രമവിരുദ്ധത കാണുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാറിന്റെ പോക്കറ്റ് ആണെങ്കിൽ കോടതിയുണ്ടല്ലോ. എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് സുരേഷ് ഗോപിയോട് ചോദിക്കണം," രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ കൂടുതൽ തെളിവുകൾ പുറത്ത് വന്നിരിക്കുകയാണ്. ബിജെപി ജില്ലാ നേതാവിൻ്റെ മേൽവിലാസം മറയാക്കി സംസ്ഥാന വൈസ് പ്രസിഡൻ്റും ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു . മലപ്പുറം സ്വദേശിയായ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് വി. ഉണ്ണികൃഷ്ണനാണ് വ്യാജ മേൽവിലാസം ഉപയോഗിച്ച് വോട്ട് ചെയ്തത്.
എന്നാൽ തൃശൂരിൽ മാത്രമാണ് വോട്ട് ചെയ്തതെന്നും മലപ്പുറത്ത് വോട്ട് ചെയ്തിട്ടില്ലെന്നുമാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം. ജില്ലയുടെ ചുമതലയുണ്ടായിരുന്നതിനാലാണ് വോട്ട് ചെയ്തത്. ഒന്നരവർഷം തൃശൂരിൽ താമസിച്ചിരുന്നതായും ബിഎൽഒ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് താൻ വോട്ട് ചെയ്തതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.