തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചുണയുണ്ടെങ്കിൽ കയ്യിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ കോടതിയിൽ ഹാജരാക്കാനാണ് കടകംപള്ളി സുരേന്ദ്രൻ്റെ വെല്ലുവിളി. എല്ലാം കോടതിയും ജനങ്ങളും കാണട്ടെ എന്നും കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പ്രതിപക്ഷ നേതാവിനെതിരെ കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിക്കുകയും ചെയ്തു. പിന്നാലെയാണ് കടകംപള്ളി സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
"നേരിൻ്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരനാണ് നിങ്ങൾ എന്ന് തെളിയിച്ചു. എങ്കിലും പറയുകയാണ്, രാഷ്ട്രീയം മാന്യമായി പ്രവർത്തിക്കാൻ ഉള്ളതാണ്. താൻ എൻ്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ. ചുണയുണ്ടെങ്കിൽ താൻ തൻ്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്. കോടതിയും ജനങ്ങളും കാണട്ടെ," വി.ഡി. സതീശനെ കടകംപള്ളി സുരേന്ദ്രൻ വെല്ലുവിളിച്ചു.
കടകംപള്ളി സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
വിഡി സതീശനെതിരെ ഞാൻ ഫയൽ ചെയ്തിരിക്കുന്ന മാനനഷ്ട ഹർജിയുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത നൽകുന്നത് ഇന്നലെ മനോരമ ന്യൂസ് ആണ്. അത് തെറ്റാണ് എന്നും കോടതിയിൽ എന്താണ് നടന്നത് എന്നുമുള്ള എൻ്റെ വക്കീലിൻ്റെ പ്രസ്താവന ഞാൻ ഫേസ്ബുക്കിൽ പങ്ക് വെക്കുകയും മീഡിയ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
അതിന് ശേഷം നടന്നിരിക്കുന്ന തോന്നിവാസം ആണ് നിങ്ങൾ കമൻ്റിൽ കാണുന്നത്. ഇത് എന്തൊരു തരം മാധ്യമ പ്രവർത്തനം ആണ്?
എല്ലാ മീഡിയയിലും ഒരേ ടെംപ്ലേറ്റിൽ ഒരു വ്യാജ വാർത്ത വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം അതിൻ്റെ സോഴ്സ് ഒന്നായിരിക്കും എന്ന്. ആ സോഴ്സ് ആരായിരിക്കും എന്നും നമുക്ക് ഊഹിക്കാമല്ലോ.
ഇനി സതീശനോടാണ്. സതീശാ, നേരിൻ്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു. എങ്കിലും പറയുകയാണ്, രാഷ്ട്രീയം മാന്യമായി പ്രവർത്തിക്കാൻ ഉള്ളതാണ്. താൻ എൻ്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ. ചുണയുണ്ടെങ്കിൽ താൻ തൻ്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്. കോടതിയും ജനങ്ങളും കാണട്ടെ..
അതേസമയം സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട മനോരമ ന്യൂസ് നൽകിയ വാർത്ത അടിസ്ഥാനരഹിതവും കോടതിയെ അവഹേളിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. എൽഡിഎഫ് നേതാവിൻ്റെ അഡ്വക്കേറ്റ് എഴുതിയ കുറിപ്പ് പങ്കുവച്ചായിരുന്നു പോസ്റ്റ്.
പോസ്റ്റിൻ്റെ പൂർണരൂപം
സ്വർണപ്പാളി വിവാദം: മനോരമ ന്യൂസ് നൽകിയ വാർത്ത അടിസ്ഥാനരഹിതവും കോടതിയെ അവഹേളിക്കുന്നതും; സത്യാവസ്ഥ ഇതാണ്
സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എൻ്റെ കക്ഷിയും എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രൻ ഫയൽ ചെയ്ത മാനനഷ്ടക്കേസിനെക്കുറിച്ച് ഇന്ന് മനോരമ ന്യൂസ് സംപ്രേക്ഷണം ചെയ്ത വാർത്ത പൂർണ്ണമായും വസ്തുതാവിരുദ്ധമാണ്. ബഹുമാനപ്പെട്ട കോടതിയെയും നീതിന്യായ വ്യവസ്ഥയെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഈ വാർത്തയോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.
വി.ഡി. സതീശൻ എൻ്റെ കക്ഷിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് മാസങ്ങൾ പിന്നിട്ടിട്ടും, "കൈയിൽ തെളിവുണ്ട്" എന്ന് ആവർത്തിക്കുന്നതല്ലാതെ, നാളിതുവരെ ഒരു തെളിവുപോലും കോടതിയിലോ പൊതുസമൂഹത്തിന് മുന്നിലോ ഹാജരാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. എന്നാൽ, കക്ഷിയെ വ്യക്തിഹത്യ ചെയ്യുന്നത് നിർബാധം തുടരുകയുമാണ്.
ഈ സാഹചര്യത്തിലാണ്, തെളിവുകൾ ഹാജരാക്കാത്തിടത്തോളം കാലം വി.ഡി. സതീശനെ തുടർ പ്രസ്താവനകളിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് ബഹു. കോടതിയിൽ ഒരു ഹർജി (Petition) കൂടി ഫയൽ ചെയ്തത്. ഈ ഹർജിയിന്മേലാണ് ഇന്ന് വാദം തുടങ്ങിയത്.
മാനനഷ്ടം എന്നത് ഒരു ക്രിമിനൽ കുറ്റകൃത്യമാണെന്നും, കേസ് നടക്കുമ്പോൾ തന്നെ ക്രിമിനൽ കുറ്റകൃത്യം ആവർത്തിക്കുവാൻ അനുവദിക്കാൻ ഈ കോടതിക്ക് അധികാരമില്ല എന്നും ഞാൻ ബോധിപ്പിച്ചു. ഒന്നുകിൽ കോടതി സതീശനെ പ്രസ്താവനകളിൽ നിന്നും വിലക്കണം, അല്ലെങ്കിൽ ഇത്തരം പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് സതീശൻ കോടതിക്ക് ഉറപ്പ് നൽകണം; എങ്കിൽ മാത്രമേ പ്രധാന ഹർജിയായ മാനനഷ്ടക്കേസിലെ വാദം ആരംഭിക്കാൻ സാധിക്കൂ എന്ന നിലപാടാണ് കോടതിയെ അറിയിച്ചത്.
ഈ കാര്യം സതീശനുമായി ആലോചിച്ച് മറുപടി അറിയിക്കാമെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ വ്യക്തമാക്കിയതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 18ലേക്ക് മാറ്റിവെച്ചത്. കോടതിയിൽ സതീശൻ തൻറെ പ്രസ്താവന ആവർത്തിക്കില്ല എന്ന് രേഖാമൂലം ഉറപ്പ് നൽകാത്ത പക്ഷം അടുത്ത ദിവസം ഇത് സംബന്ധിച്ച് വിശദമായ വാദം കേൾക്കാം എന്ന് കോടതി അറിയിച്ചു.
കോടതിയിൽ നടന്ന യഥാർത്ഥ സംഭവം ഇതായിരിക്കെ, ഇതിന് വിരുദ്ധമായ വാർത്ത മനോരമ ന്യൂസിന് എവിടെ നിന്നും ലഭിച്ചു എന്ന് അവർ വ്യക്തമാക്കേണ്ടതുണ്ട്. സതീശൻ്റെ അഭിഭാഷകനുമായി എൻ്റെ ഓഫീസ് ബന്ധപ്പെട്ടപ്പോൾ, കോടതിയിൽ നടന്ന കാര്യങ്ങൾ മാത്രമാണ് വിഡി സതീശനോട് പങ്കുവെച്ചതെന്നും, മനോരമ നൽകിയ തെറ്റായ വാർത്തയെക്കുറിച്ച് അറിയില്ലെന്നുമാണ് മറുപടി ലഭിച്ചത്.
കോടതിയിൽ നടക്കാത്ത കാര്യങ്ങൾ നടന്നുവെന്ന് വാർത്ത ചമയ്ക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. അതിനാൽ, മനോരമ ന്യൂസ് ടിവി അടിയന്തരമായി ഈ വാർത്ത തിരുത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
അഡ്വ. രാജഗോപാലൻ നായർ