കൊച്ചി: ഗവർണർ രാജേന്ദ്ര അർലേക്കറെ സ്വീകരിക്കാൻ മാർഗനിർദേശവുമായി കാലടി സർവകലാശാല. ശ്രീ ശങ്കര ജയന്തിയുടെ ഭാഗമായി 21ന് രാവിലെയാണ് ഗവർണർ സർവകലാശാലയിൽ എത്തുക.
ജീവനക്കാർ മൊബൈൽ ഫോൺ സൈലൻ്റാക്കണമെന്നും അനാവശ്യ ചലനങ്ങൾ ഒഴിവാക്കണമെന്നും വൈസ് ചാൻസലർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. കൂടാതെ കയ്യടിക്കും നിയന്ത്രണമേർപ്പെടുത്തി. ഗവർണർ എത്തി, തിരിച്ചു പോകുന്നത് വരെ ആരും ഹാൾ വിട്ടു പുറത്തു പോകാൻ പാടില്ലന്നും വിസി പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഗവർണർ വേദിയിലേക്ക് എത്തുമ്പോൾ എല്ലാവരും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കണം, പ്രസംഗത്തിലുടനീളം ഹാളിൽ പൂർണമായ ശാന്തത പാലിക്കണം. അനാവശ്യ ആംഗ്യങ്ങൾ, സംസാരങ്ങൾ, മൊബൈൽ ഫോൺ ഉപയോഗം എന്നിവ ഒഴിവാക്കണം. അനുമതി നൽകിയ വ്യക്തികൾക്ക് മാത്രമേ ഹാളിലും പുറത്തും ഫോട്ടോയും വീഡിയോയും എടുക്കാൻ അനുവാദമുണ്ടാകുകയുള്ളൂ എന്നും ഉത്തരവിൽ പറയുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. അനധികൃതമായി വേദിയിലേക്കോ ഗവർണറുടെ അടുത്തേക്കോ പ്രവേശിക്കരുത്. ഗവർണർ വേദി വിടുമ്പോൾ പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാവരും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കണമെന്നും വിസി നിർദേശം നൽകി.