

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലാ വി.സിക്ക് എതിരെ പ്രതിഷേധിച്ചതിന് സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്. നാളെ മുതല്‍ സര്‍വകലാശാലക്ക് മുന്നില്‍ നിരാഹാര സമരം ആരംഭിക്കും. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷാഫീസ് അടയ്ക്കാന്‍ അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സമരവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തുന്നത്.
അതേസമയം വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന് കാരണമായ വിവാദ നാടകം സെക്രട്ടേറിയറ്റിന് മുന്നില്‍ അവതരിപ്പിക്കും. നാടകം കാണാന്‍ മന്ത്രി റോജി എം. ജോണിനെയും അപരിഷ്‌കൃതരാണെന്ന് പറഞ്ഞ എല്ലാവരെയും ക്ഷണിക്കുകയാണെന്ന എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് പറഞ്ഞു.
കേരളത്തില്‍ സിസ തോമസിനൊപ്പം ഇരുന്നിട്ട് ഡല്‍ഹിയില്‍ പോയി സമരം ചെയ്തിട്ട് കാര്യമില്ല, രാഹുല്‍ ഗാന്ധിയെ പ്രീതിപ്പെടുത്താന്‍ ഡല്‍ഹിയില്‍ പോയാല്‍ റോജി എം ജോണും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും മതനിരപേക്ഷവാദികള്‍ ആവില്ലെന്നും ശിവപ്രസാദ് പറഞ്ഞു.
സര്‍വകലാശാലകളില്‍ അനധികൃതമായി സംഘപരിവാറുകാരെ കുത്തിനിറയ്ക്കുമ്പോള്‍ പ്രതികരിക്കാന്‍ ഉന്നത വിദ്യാഭ്യാസമന്ത്രി തയ്യാറാകണമെന്നും ശിവപ്രസാദ് ആവശ്യപ്പെട്ടു.
62 ദിവസമായി 16 വിദ്യാര്‍ഥികള്‍ സസ്‌പെന്‍ഷനിലാണ്. നാടകം അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ആദ്യ എഫ്‌ഐആര്‍ ഇട്ടപ്പോള്‍ ഇല്ലാതിരുന്ന ആരോപണങ്ങള്‍ പിന്നീട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും ഗവര്‍ണറുടെയും ഒക്കെ ഗൂഢാലോചനയുടെ ഫലമായി വി.സി നല്‍കിയ പുതിയ പരാതിയെ തുടര്‍ന്നാണ് തങ്ങള്‍ക്കെതിരെ കേസെടുക്കുകയും തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് വന്നതോടെ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പിന്നാലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാനോ ഫീസ് അടയ്ക്കാനോ അനുവദിച്ചില്ല. മാത്രമല്ല സിസ തോമസ് ഇന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നില കുറവാണെന്നും അതിനാല്‍ പരീക്ഷ എഴുതാന്‍ പറ്റില്ലെന്നും കാണിച്ചുകൊണ്ടായിരുന്നു നടപടി.