

കൊച്ചി: കലൂരിൽ പെൺകുട്ടികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കേസിലെ മുഖ്യപ്രതി മണ്ണാർക്കാട് സ്വദേശി അക്ബർ അലി പിടിയിൽ. പാലക്കാട് വച്ചാണ് പ്രതിയെ പിടികൂടിയത്. ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം.
ചായ കുടിക്കാൻ ഇറങ്ങിയ പെൺകുട്ടികളെ ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളുമടക്കം എട്ട് പേർ ആക്രമിക്കുകയായിരുന്നു. പെൺകുട്ടികൾ നടന്ന് പോകുമ്പോൾ ലൈംഗികച്ചുവയോടെ ഇവർ കമൻ്റടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ആക്രമണം ഉണ്ടായത്.
അക്രമി സംഘത്തിൻ്റെ ദൃശ്യം മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചതോടെ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞ് പൊട്ടിക്കുകയും പെൺകുട്ടികളിലൊരാളെ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും തല പിടിച്ച് നിലത്തിടിക്കുകയും ചെയ്തു എന്നുമാണ് പെൺകുട്ടികളുടെ പരാതി. അതേസമയം, മൊഴി എടുക്കാൻ എത്തിയ പൊലീസ് വസ്ത്ര ധാരണത്തെയും പുറത്തിറങ്ങിയ സമയത്തെയും വിമർശിച്ചെന്ന് മർദനമേറ്റ പെൺകുട്ടി പറഞ്ഞിരുന്നു.