വയനാട്: ഇന്ത്യയിലെ ആദ്യത്തെ പൂർണ കടലാസ് രഹിത കോടതി സംവിധാനമായി വയനാട്ടിലെ കൽപ്പറ്റ ജില്ലാ കോടതി. കേസ് ഫയൽ ചെയ്യുന്നത് മുതൽ തെളിവുകൾ രേഖപ്പെടുത്തൽ, ഇടക്കാല നടപടികൾ, അന്തിമ വിധി പ്രസ്താവം വരെ എല്ലാ നീതിന്യായ പ്രക്രിയകളും ഡിജിറ്റലായി നടക്കും.
സാക്ഷി മൊഴികളുടെയും വിധി പറയുന്നതും കൃത്യമായ രേഖപ്പെടുത്തുന്ന രീതിയിൽ വോയ്‌സ്-ടു-ടെക്സ്റ്റ് സാങ്കേതികവിദ്യയും കോടതിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനം കേരള ഹൈക്കോടതി സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. കേരള ഹൈക്കോടതിയിൽ നടന്ന ചടങ്ങ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉദ്ഘാടനം ചെയ്തു.
കടലാസ് ഉപയോഗം വന്‍തോതില്‍ കുറയ്ക്കുന്ന ഈ നേട്ടം രാജ്യത്തെ മറ്റ് ജുഡീഷ്യല്‍ ജില്ലകള്‍ക്കും മാതൃകയാക്കാമെന്ന് ഉദ്ഘാടനം നിർവഹിച്ച് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ചടങ്ങില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വിക്രംനാഥ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് രാജാ വിജയരാഘവന്‍, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.