കണ്ണൂർ: കണ്ണപുരത്തെ സ്‌ഫോടനത്തിൽ എക്സ്പ്ലോസിവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം കേസ് എടുത്ത് പൊലീസ്. അനൂപ് മാലിക് എന്നയാൾക്കെതിരെയാണ് കേസ്.
വീട്ടിൽ താമസിച്ചിരുന്നവരെക്കുറിച്ച് പ്രദേശവാസികൾക്ക് അറിവില്ല. ഗോവിന്ദൻ എന്ന ആളുടെ ഉടമസ്ഥതയിൽ ഉള്ള വീട് പൂർണമായും തകർന്ന നിലയിലാണ്. പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവസ്ഥലം കണ്ണൂർ കമ്മീഷണർ പി. നിധിൻ രാജ് സന്ദർശിച്ചു.
അനൂപ് മാലിക്കിന്റെ ബന്ധുവാണ് മരിച്ചതെന്നും കമ്മീഷണർ അറിയിച്ചു. ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. പടക്കനിർമാണ സാമഗ്രികളും വെടിമരുന്നുമാണ് സ്ഫോടനം നടന്ന വീട്ടിലുണ്ടായിരുന്നത്. ഷെൽഫിൽ സൂക്ഷിച്ച നിലയിലായിരുന്നു വെടിമരുന്ന്. അനൂപ് മാലിക്കിനെതിരെ സമാന കേസുകളുണ്ടെന്നും കമ്മീഷണർ പി. നിധിൻ രാജ് വ്യക്തമാക്കി.
അതേസമയം, കണ്ണൂരിലെ സ്ഫോടനം പൊലീസിൻ്റെ ഭാഗത്തുണ്ടായ വീഴ്ചയെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പ്രതികരിച്ചു. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനമെന്ന് കോൺഗ്രസ് ആരോപിച്ചു. മുക്കിലും മൂലയിലും ബോംബ് നിർമാണമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
മാർട്ടിൻ ജോർജിൻ്റെ ആരോപണത്തോട് പ്രതികരിച്ച സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അനൂപ് മാലിക് കോൺഗ്രസുമായി ബന്ധമുള്ളയാളെന്ന് മറുപടി നൽകി. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാത്ത സമയത്ത് സ്ഫോടക വസ്തു നിർമിച്ചത് എന്തിനാണെന്നും രാഗേഷ് ചോദിച്ചു. വീട്ടിൽ കിടന്നുറങ്ങിയിരുന്ന ആളാണ് മരിച്ചതെന്നും രാഗേഷ് പറഞ്ഞു.
കണ്ണപുരം കീഴറയിൽ വാടക വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായതാണ് വിവരം. 200 മീറ്റർ ദൂരത്തിലുള്ള വീടുകൾക്ക് വരെ കേടുപാടുകൾ ഉണ്ടെന്നാണ് വിവരം.