കണ്ണൂർ: കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിലെ ഗാനമേളക്കിടെ ഗണഗീതം പാടിയത് വിവാദത്തിൽ. തൃശൂർ പാട്ട് ഫാമിലി അവതരിപ്പിച്ച ഗാനമേളയിലാണ് ഗണഗീതം പാടിയത്. ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കമെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തി. ഇന്നലെ വൈകീട്ടാണ് പ്രതിഷ്ഠാദിന മഹോത്സവവുമായി ബന്ധപ്പെട്ട് ഗാനമേള സംഘടിപ്പിച്ചത്.
പരിപാടി നടന്നുകൊണ്ടിരിക്കെ ആർഎസ്എസ് ഗണഗീതം ആലപിച്ചതോടെ ഒരു കൂട്ടം ആളുകൾ വേദിയിലെത്തി. സിപിഐഎം പ്രവർത്തകരാണ് ആദ്യം വേദിയിലേക്ക് കയറിയത്. പിന്നാലെ ക്ഷേത്രക്കമ്മിറ്റിയിലുള്ളവർ വേദിയിലേക്ക് കയറി സിപിഐഎം പ്രവർത്തകരെ തടഞ്ഞതോടെ സംഘർഷത്തിന് വഴിവച്ചു.
രാഷ്‌ട്രീയഭേദമന്യേ എല്ലാവരോടും പണപ്പിരിവ് നടത്തിയാണ് ഉത്സവം നടത്തുന്നത്. ആ പണം ഉപയോഗിച്ച് തന്നെയാണ് ഗാനമേള നടത്തിയതും. ആ പരിപാടിയിൽ ആർഎസ്എസ് അജണ്ടയ്ക്ക് അനുസൃതമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.