വെനസ്വേലയിലെ യുഎസ് അതിക്രമത്തെ കാടത്തമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ അതിർത്തിയെവിടെ? മുൻകൂട്ടി ആസൂത്രണം നടത്തിയ രീതിയിൽ ഏറ്റവും ഉയർന്ന ഭരണാധികാരിയെ ബന്ദിയാക്കുന്നു. കണ്ണ് മൂടിക്കെട്ടി ചിത്രം പങ്കുവെക്കുന്നു. എത്ര വലിയ തെമ്മാടിത്തമാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഇന്ത്യയുടെ ശബ്‌ദം നേരത്തേ മൂന്നാം ലോകരാജ്യങ്ങൾക്കൊപ്പവും സാമ്രാജ്യത്വത്തിന് എതിരുമായിരുന്നു. ഇന്നെവിടെയെത്തി, യുഎസ് അധിനിവേശത്തിനെതിരെ ശബ്‌ദിക്കാൻ ഇന്ത്യക്ക് കഴിയുന്നില്ല. ഇന്ത്യ എന്ന രാജ്യമാണ് അപമാനിതരാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വെനസ്വേലൻ ജനതക്ക് ഐക്യദാർഢ്യമറിയിക്കുന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വെനസ്വേലയിൽ യുഎസ് നടത്തുന്നത് കൊടും ക്രൂരതയെന്ന് കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ. യുഎസിന് എതിരായ ചേരിയിൽ ഇന്ത്യ നിലകൊള്ളണമെന്നും കാന്തപുരം മുസ്ലിയാർ ആവശ്യപ്പെട്ടു. കേരള മുസ്ലീം ജമാഅത്ത് കേരള യാത്രയിൽ സംസാരിക്കവേയായിരുന്നു പരാമർശം.
വെനസ്വേലയിലെ ആക്രമണത്തിൽ ഇന്ത്യ മൗനം പാലിച്ചപ്പോൾ ആദ്യം ശബ്ദം ഉയർത്തിയത് കാന്തപുരം ഉസ്താദാണെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ഇന്ത്യയിലെ ഒരു സമുദായ നേതാവിൻ്റെ ആദ്യത്തെ പ്രതികരണമാണിത്. ഇത് ലോകം ശ്രദ്ധിക്കുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.