തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ. തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണ്. അതിജീവിതയുടെ ഭർത്താവിന്റെ വെളിപ്പെടുത്തലിലായിരുന്നു വീഡിയോ ചെയ്തതെന്നും, ജാമ്യോപാധിധിയിൽ വീഡിയോ ചെയ്യരുതെന്ന് ഇല്ലാ എന്നും രാഹുൽ പറയുന്നു.
വ്യാജ പരാതിയിൽ നടപടി സ്വീകരിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. തിരുവനന്തപുരം സിറ്റി സൈബർ പൊലീസിലാണ് പരാതി നൽകിയത്. രാഹുലിനെതിരെ നേരത്തേ അതിജീവിതയും പരാതി നൽകിയിരുന്നു. തന്നെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചുവെന്നും, ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അതിജീവിത പരാതി നൽകിയത്. ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത പ്രത്യേക അന്വേഷണസംഘം മേധാവി ജി. പൂങ്കുഴലിക്കാണ് പരാതി നൽകിയത്.
നവംബർ 30നാണ് ഐഡന്റിറ്റി വെളിപ്പെടുത്തിയതിന് അതിജീവിതയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെ രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഡിസംബര്‍ 11ന് രാഹുൽ ഈശ്വറിനെ വീണ്ടും റിമാന്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് ഡിസംബർ 15നാണ് രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുൽ ഈശ്വറിനെ മെന്‍സ് അസോസിയേഷൻ അംഗങ്ങൾ മാലയിട്ട് സ്വീകരിച്ചിരുന്നു.