

തിരുവനന്തപുരം: കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗത്വവും ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് കാരാട്ട് റസാഖ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. രാജി അറിയിച്ചുകൊണ്ടുള്ള കത്തിനൊപ്പമാണ് കുറിപ്പും പങ്കുവച്ചിരിക്കുന്നത്.
വ്യക്തിപരമായ കാരണങ്ങളാല്‍ ബോര്‍ഡിലെ അംഗത്വവും ചെയര്‍മാന്‍ സ്ഥാനവും രാജിവയ്ക്കുന്നുവെന്നാണ് കുറിപ്പില്‍. രണ്ട് വര്‍ഷ കാലയളവിനുള്ളില്‍ പിന്തുണയും സഹായങ്ങളും നല്‍കിയ വകുപ്പ് മന്ത്രിക്കും കാരാട്ട് റസാഖ് നന്ദി അറിയിച്ചു.
'2024 മാര്‍ച്ച് 13ന് കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ അംഗത്വവും തുടര്‍ന്ന് ബോര്‍ഡിന്റെ ചെയര്‍മാനും ആക്കി എന്നെ നിയോഗിച്ചിരുന്നു.രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ ഇതുമായി ബന്ധപ്പെട്ട് മാത്യകാ പരമായ പ്രവര്‍ത്തനങ്ങള്‍ എന്റെ കഴിവിന്റെ പരമാവധി ചെയ്യുവാന്‍ സാധിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ബോര്‍ഡിലെ അംഗത്വവും ചെയര്‍മാന്‍ പദവിയും ഇന്നേ ദിവസം രാജി വെച്ചിരിക്കുകയാണ്. ഇതിന് അവസരം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദി രേഖപ്പെടുത്തുകയാണ്. രണ്ട് വര്‍ഷക്കാലത്തെ സേവന വേളയില്‍ എനിക്ക് എല്ലാ പിന്തുണയും സഹായങ്ങളും നല്‍കിയ വകുപ്പ് മന്ത്രി, ഉദ്യോഗസ്ഥര്‍ ബോര്‍ഡിലെ സഹ മെമ്പര്‍മാര്‍, ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു,' കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഇടത് ബന്ധം അവസാനിപ്പിച്ച് കാരാട്ട് റസാഖ് മുസ്ലീം ലീഗിലേക്ക് തിരിച്ചു പോയത്. പി.കെ. ഫിറോസ്, എം.കെ. മുനീര്‍ എന്നിവരോടൊപ്പം പാണക്കാട്ട് എത്തിയ ശേഷം കാരാട്ട് റസാഖ് ലീഗില്‍ അംഗത്വമെടുത്തത്. തറവാട്ടിലേക്ക് തിരിച്ചെത്തിയെന്നാണ് അംഗത്വമെടുത്തതിന് പിന്നാലെ കാരാട്ട് റസാഖ് പറഞ്ഞത്.