കോഴിക്കോട്: ബേപ്പൂരിൽ കാരുണ്യ മറൈന്‍ ആംബുലൻസിന് ഫിറ്റ്നസ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാൻ തയ്യാറാകാതെ കരാർ കമ്പനി. ആറ് മാസമായി ഫിറ്റ്നസ് പുതുക്കാത്തതിനാൽ രക്ഷാപ്രവര്‍ത്തനത്തിനായി പോകേണ്ട ആംബുലന്‍സ് തീരത്ത് നോക്കുകുത്തിയായി നിൽക്കുന്നു. കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താൻ തൊഴിലാളികൾ തന്നെ രംഗത്തിറങ്ങേണ്ട സ്ഥിതി എന്ന് പരാതി. അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണം എന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ബേപ്പൂർ പടിഞ്ഞാറ് 10 നോട്ടിക്കൽ അകലെ 'ആയിഷ 1' ബോട്ടിലെ നാല് തൊഴിലാളികൾക്ക് ശ്വാസതടസം നേരിട്ടത്. അപകടത്തിൽപ്പെട്ടവരെ പെട്ടെന്നു തീരത്ത് എത്തിക്കാൻ കഴിയാതെ മത്സ്യത്തൊഴിലാളികൾ അന്ന് പാടുപെട്ടു. ആ സംഭവത്തിൽ രണ്ടു പേർ മരിക്കുകയും ചെയ്തിരുന്നു. അപകട വിവരം ഫിഷറീസ് അധികൃതരെ അറിയിച്ചിരുന്നെങ്കിലും മറൈൻ ആംബുലൻസ് പുറപ്പെട്ടില്ലെന്നു മാത്രമല്ല, ബദൽ രക്ഷാസംവിധാനം ഒരുക്കിയതുമില്ല.
മലബാർ തീരത്തെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി 2021 ജനുവരിയിലാണ് കാരുണ്യ ബേപ്പൂരിൽ എത്തിച്ചത്. കഴിഞ്ഞ നവംബറിലാണ് ബേപ്പൂരിലെ മറൈൻ ആംബുലൻസിന്റെ ഫിറ്റ്നസ് കാലപരിധി കഴിഞ്ഞത്. ഇതിനിടെ എൻജിനു തകരാറുണ്ടായി ആംബുലൻസിന്റെ വേഗവും കുറഞ്ഞു. ആറ് മാസമായി ആംബുലൻസ് ഉപയോഗിക്കുന്നില്ല. ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്യാതെ തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ് ആംബുലൻസെന്ന് തൊഴിലാളികൾ പറയുന്നു.
കട്ടപ്പുറത്തായ ആംബുലൻസിന് പകരം താൽക്കാലിക രക്ഷാബോട്ടോ, മറ്റു അടിയന്തര സംവിധാനങ്ങളോ സജ്ജമാക്കിയിട്ടില്ല. അനാസ്ഥ ഇനിയും തുടർന്നാൽ കടലിൽ വച്ചുണ്ടാകുന്ന അത്യാഹിതങ്ങളിൽ മനുഷ്യജീവനുകൾ പൊലിയും. വിഷയം അടിയന്തര ശ്രദ്ധ നൽകി പരിഹരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.