'എല്ലാം അവൾക്കു വേണ്ടി', കരുവാറ്റ കൊലപാതകത്തില്‍ കൂസലില്ലാതെ പ്രതികള്‍; മുതിർന്നവരായി പരിഗണിച്ച് വിചാരണ വേണമെന്ന് പൊലീസ്

ശിവൻകുട്ടിയെ കൊലപ്പെടുത്തണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായി പെൺകുട്ടിയുടെ മൊഴി
'എല്ലാം അവൾക്കു വേണ്ടി', കരുവാറ്റ കൊലപാതകത്തില്‍ കൂസലില്ലാതെ പ്രതികള്‍; മുതിർന്നവരായി പരിഗണിച്ച് വിചാരണ വേണമെന്ന് പൊലീസ്
Published on
Updated on

ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ വയോധികനെ കൊലപ്പെടുത്തിയ പ്രതികള്‍ക്കെതിരെ കര്‍ശന നിലപാടെടുത്ത് പൊലീസ്. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണെങ്കിലും, മുതിര്‍ന്നവരെ പോലെയാണ് ഗൂഢാലോചന നടത്തിയത്. ജൂവനൈല്‍ ആനുകൂല്യം നല്‍കിയാല്‍ അവര്‍ രക്ഷപ്പെടും. അതിനാല്‍ പ്രതികളെ മുതിര്‍ന്നവരായി കരുതി വിചാരണ നടത്തണമെന്നാണ് പൊലീസിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കും.

കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ താമസിച്ചിരുന്ന ശിവൻകുട്ടിയുടെ (67) കൊലപാതകത്തിൽ പേരക്കുട്ടിയായ പതിമൂന്നുകാരി ഉള്‍പ്പെടെ പ്രായപൂർത്തിയാകാത്ത നാലുപേരാണ് അറസ്റ്റിലായത്. കൊല്ലത്തുനിന്നും ട്രെയിനിലെത്തിയാണ് പ്രതികള്‍ കൊല നടത്തിയത്. വീടിന്റെ ഷീറ്റ് പൊളിച്ച് അകത്തുകയറിയ പ്രതികൾ വയോധികനെ ക്രൂരമായാണ് കൊലപ്പെടുത്തിയത്. തമിഴ് സിനിമ 'സ്പൈഡര്‍' പ്രചോദനമായാണ് കൊല നടത്തിയതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ഓട് പൊളിച്ച് തലയിൽ കല്ലിട്ടു കൊല്ലാൻ ആയിരുന്നു ശ്രമം. എന്നാല്‍ ഓടിന് താഴെ മച്ച് ഉണ്ടായിരുന്നത് തടസ്സമായി. ഇതോടെയാണ്, കത്തികൊണ്ട് ശരീരത്തില്‍ മുറിവേൽപ്പിച്ച ശേഷം ബെഡ്ഷീറ്റ് ഉപയോഗിച്ച് കൈകാലുകൾ കെട്ടിയിട്ട്, കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്. മകളുടെ പ്രസവത്തിനായി ഭാര്യ ആശുപത്രിയില്‍ ആയിരുന്നതിനാല്‍ വീട്ടില്‍ ശിവൻകുട്ടി മാത്രമാണുണ്ടായിരുന്നത്.

കൊലയ്ക്കുശേഷം ആഭരണവും പണവും കവര്‍ന്ന സംഘം മുറിയില്‍ മുളകുപൊടിയും വിതറിയശേഷമാണ് അവിടെനിന്നും കടന്നത്. ഹരിപ്പാട് തട്ടുകടയിലെത്തി ഭക്ഷണം കഴിച്ചശേഷം, കെഎസ്ആര്‍ടിസി ബസിലാണ് സംഘം മടങ്ങിയത്. പൊലീസിന് മൊഴി കൊടുക്കുമ്പോഴും പ്രതികള്‍ക്ക് യാതൊരു കൂസലുമില്ലായിരുന്നു. 'എല്ലാം അവള്‍ക്കുവേണ്ടി ആണെന്നായിരുന്നു' മുഖ്യപ്രതിയുടെ മൊഴി.

'എല്ലാം അവൾക്കു വേണ്ടി', കരുവാറ്റ കൊലപാതകത്തില്‍ കൂസലില്ലാതെ പ്രതികള്‍; മുതിർന്നവരായി പരിഗണിച്ച് വിചാരണ വേണമെന്ന് പൊലീസ്
കരുവാറ്റ കൊലപാതകം: മുത്തച്ഛനെ കൊല്ലാന്‍ പതിമൂന്നുകാരിയുടെ ക്വട്ടേഷന്‍? പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ പിടിയില്‍

പതിമൂന്നുകാരിയായ പേരക്കുട്ടിയാണ് ക്രൂരകൃത്യത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് പൊലീസ് വ്യക്തമാക്കി. വീട്ടിൽ മറ്റാരുമില്ലെന്ന വിവരവും സ്വർണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന കൃത്യമായ നിർദേശങ്ങളും പെണ്‍കുട്ടിയാണ് പ്രതികള്‍ക്ക് കൈമാറിയത്. ശിവൻകുട്ടിയെ കൊലപ്പെടുത്തണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായി പെൺകുട്ടിയും മൊഴി നല്‍കി. എങ്ങനെ കൊല്ലണമെന്ന് പലവട്ടം ആലോചിച്ചു. നിലവില്‍ അറസ്റ്റിലായവരുമായി ചേര്‍ന്നായിരുന്നു ആലോചന. വിഷം കൊടുക്കുന്നതും വാഹനാപകടത്തിൽ പെടുത്തുന്നതും ഉൾപ്പെടെ ചർച്ച ചെയ്തിരുന്നെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

സിസിടിവി ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ ഫോണ്‍ രേഖകളുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. പെണ്‍കുട്ടിയും ആൺ സുഹൃത്തും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങള്‍ ഗൂഢാലോചന വ്യക്തമാക്കുന്നതായിരുന്നു. പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസത്തിൽ കൊലപാതകം ആസൂത്രണം ചെയ്ത ചാറ്റുകൾ മായിക്കാതിരുന്നതും പ്രതികൾക്ക് കുരുക്കായി. ശിവൻകുട്ടിയുടെ വീടിന്റെ ലൊക്കേഷൻ പെണ്‍കുട്ടി അയച്ചുനൽകിയിരുന്നു. പെണ്‍കുട്ടിയുടെ ഫോണ്‍ പൊലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതറിയാതെ പ്രതികള്‍ പലവട്ടം ഫോണിലേക്ക് വിളിച്ചതും പൊലീസിന് സഹായകമായി.

ശിവന്‍കുട്ടിയുടെ കൊലയ്ക്കു പിന്നാലെ പെണ്‍കുട്ടി വീട്ടിലെത്തിയിരുന്നു. മുത്തച്ഛനെ കാണാനില്ലെന്ന് അയല്‍ക്കാരോട് പറഞ്ഞതിനെത്തുടര്‍ന്ന് നാട്ടുകാരുമായി ചേര്‍ന്ന് വീടിനകത്തു കയറി പരിശോധനയും നടത്തി. തുടര്‍ന്നാണ് കിടപ്പുമുറിയില്‍ ശിവന്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതും നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുന്നത്. ഇതെല്ലാം കേസ് അന്വേഷണത്തെ വഴിതിരിച്ചു വിടാന്‍ പെണ്‍കുട്ടി നടത്തിയ നീക്കമായാണ് പൊലീസ് മനസിലാക്കുന്നത്. ക്രിമിനല്‍ ബുദ്ധിയോടെയാണ് പ്രതികളെല്ലാവരും കുറ്റകൃത്യത്തില്‍ പങ്കാളിയായത്. അതിനാല്‍ പ്രായത്തിന്റെ പേരില്‍ ലഭിക്കുന്ന നിയമപരമായ ഇളവുകളില്‍നിന്ന് ഇവരെ ഒഴിവാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം.

News Malayalam 24x7
newsmalayalam.com