

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങാൻ ബിജെപി. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ മണ്ഡലങ്ങളിൽ പ്രാരംഭ നടപടികൾ തുടങ്ങാനാണ് തീരുമാനം. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങലിൽ കെ. സുരേന്ദ്രൻ, കൊല്ലത്ത് ബി.ബി. ഗോപകുമാർ, പത്തനംതിട്ടയിൽ അനൂപ് ആന്റണി എന്നിവർ സ്ഥാനാർഥിയാകും. തൃശൂരിൽ സുരേഷ് ഗോപി തന്നെ മത്സരിക്കും. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ മത്സരിക്കാനാണ് സാധ്യത.
നിയമസഭാ തിരഞ്ഞെടുപ്പ് നല്‍കിയ ആത്മവിശ്വാസത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബിജെപി കച്ചകെട്ടുന്നത്. സമാന ശൈലിയില്‍ തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങാനാണ് നീക്കം. മത്സരിക്കുന്ന എല്ലായിടത്തുമില്ല, ചില പ്രത്യേക മണ്ഡലങ്ങളിൽ മാത്രം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം. സ്ഥാനാർഥി നിർണയം മുതൽ എല്ലാ ഘട്ടത്തിലും എല്ലാവര്‍ക്കും ഒരു ചുവട് മുന്നേ എന്നതാണ് രീതി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ അതാണ് പ്രകടമാകുന്നത്.
നേമത്തുനിന്ന് നിയമസഭയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. പാര്‍ട്ടി ദേശീയ സെക്രട്ടറി സ്ഥാനം കൂടി ലഭിച്ച സുരേന്ദ്രന്‍ ആറ്റിങ്ങൽ മണ്ഡലത്തിൽ വാടകയ്ക്ക് വീടെടുത്ത് പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. കൊല്ലമാണ് ബിജെപി ശ്രദ്ധ വയ്ക്കുന്ന മറ്റൊരു മണ്ഡലം. ചാത്തന്നൂരിൽ നിന്നും നിയമസഭയിൽ എത്തിയ ബി.ബി. ഗോപകുമാറിനാണ് പ്രാഥമിക പരിഗണന.
പത്തനംതിട്ടയിൽ അനൂപ് ആൻറണി തന്നെ മത്സരിക്കും. യുവമോർച്ചയുടെ മേൽനോട്ട ചുമതല ഒഴിഞ്ഞ അനൂപ്, പത്തനംതിട്ട കേന്ദ്രീകരിച്ചാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍ സുരേഷ് ഗോപി തന്നെയാകും വീണ്ടും അങ്കത്തിനിറങ്ങുക. ആലപ്പുഴയാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്ന മറ്റൊരു മണ്ഡലം. ശോഭാ സുരേന്ദ്രനെയാണ് ഇവിടെ പരിഗണിക്കുന്നത്.
എംഎൽഎമാർ മത്സരിക്കുന്നത് തിരിച്ചടിയാകുമോ എന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയരാനുള്ള സാധ്യതകള്‍ ഏറെയാണ്. എന്നാല്‍, കേരളത്തില്‍നിന്ന് ജയിക്കുക എന്നതു മാത്രമാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് മുന്നിലുള്ള ലക്ഷ്യം. പരമാവധി സീറ്റുകള്‍ നേടുക എന്നതാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്തിരിക്കുന്ന നിര്‍ദേശം.