

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ യുഡിഎഫിലെ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും ഒരേസ്വരത്തിൽ പറഞ്ഞ പേരാണ് വി.ഡി. സതീശൻ്റേത്. തലമുതിർന്ന നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പദത്തിന് അർഹനായിട്ടും, ജനഹൃദയം കീഴടങ്ങിയത് വി.ഡി. സതീശനായിരുന്നു.
ഒടുവിൽ കെ.സി. വേണുഗോപാലിനെയും, രമേശ് ചെന്നിത്തലയെയും പിന്തള്ളി വി.ഡി. സതീശന് നറുക്ക് വീണപ്പോൾ സാംസ്കാരിക ലോകവും തങ്ങളുടെ നേതാവിന് ആശംസ അറിയിച്ചിരിക്കുകയാണ്.
"കേരളത്തിൻ്റെ പതിമൂന്നാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട ശ്രീ വി.ഡി. സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ" എന്നാണ് മമ്മൂട്ടി കുറിച്ചത്. "നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശന് സ്നേഹം നിറഞ്ഞ ആശംസകള്‍. വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിന് സാധിക്കട്ടെ", എന്ന് നടൻ മോഹന്‍ലാല്‍ ഫേസ്ബുക്കിൽ കുറിച്ചു.
"ഇതാണ് ഞങ്ങ പറഞ്ഞ മുഖ്യൻ. തൽക്കാലം ഞങ്ങക്കീ മുഖ്യൻ മതി..!! വേറാരും വേണ്ട..!! അത് പോലെ ലളിതമാണ്", എന്നായിരുന്നു സംവിധായകൻ മിഥുൻ മാനുവൽ തോമസിൻ്റെ പ്രതികരണം.
"കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രി. ആദരണീയനായ ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങൾ", എന്ന് ലിസ്റ്റിൻ സ്റ്റീഫനും കുറിച്ചു. "ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ", എന്നാണ് നടനും എംഎൽഎയുമായ രമേശ് പിഷാരടി ആശംസ അറിയിച്ചത്.
"ജനനായകന് അഭിവാദ്യങ്ങൾ" എന്നാണ് നടൻ സിദ്ദിഖിൻ്റെ വാക്കുകൾ. വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് മലയാള സിനിമയിൽ നിന്നും ആദ്യം ആവശ്യപ്പെട്ടത് സിദ്ദിഖ് ആയിരുന്നു. "ജനങ്ങളാണ് ഹൈക്കമാൻഡ് എന്ന് തെളിയിച്ച ഏക നേതാവ്", എന്നായിരുന്നു ധർമജൻ ബോൾഗാട്ടിയുടെ ആശംസ.
"നമ്മുടെ സംസ്ഥാനത്തിന് നേതൃത്വത്തിൻ്റെ ഈ പുതിയ അധ്യായം ആരംഭിക്കുമ്പോൾ, ഐക്യം, പ്രതിരോധം, പുരോഗതി എന്നിവയിലൂടെ കേരളം എന്നും തലയുയർത്തി നിൽക്കട്ടെ. ഈ പുതിയ തുടക്കം ലോകമെമ്പാടുമുള്ള ഓരോ മലയാളിക്കും പ്രതീക്ഷയും വികാസവും ആത്മവിശ്വാസവും നൽകട്ടെ", എന്ന് നടൻ ഉണ്ണി മുകുന്ദനും കുറിച്ചു.
"ഒരു പുതിയ കേരളത്തിനായുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും. മുഖ്യമന്ത്രി വി.ഡി. സതീശൻ സാറിന് സ്നേഹപൂർവ്വം അഭിനന്ദനങ്ങൾ", എന്ന് നിവിന്‍ പോളിയും ആശംസ നേർന്നു.