തിരുവനന്തപുരം: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഛത്തിസ്‌ഗഡിൽ കന്യാസ്ത്രീകൾക്കെതിരായ അതിക്രമം സംഘപരിവാറിൻ്റെ തനി സ്വഭാവ പ്രകടനമാണ്. ബജ്റംഗദൾ പ്രവർത്തകർ നൽകിയ വ്യാജപരാതിയിലാണ് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചത് എന്ന് സംശയരഹിതമായി വ്യക്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രൈസ്തവ സമൂഹത്തിനെതിരായ സംഘപരിവാർ അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൂടിയാണിത്. ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും കേക്കും സൗഹാർദച്ചിരിയുമായി കയറിയിറങ്ങുന്ന കൂട്ടർ തന്നെയാണ് മതപരിവർത്തനവും മനുഷ്യക്കടത്തുമാരോപിച്ച് കന്യാസ്ത്രീകളെ പോലും വേട്ടയാടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്തിൻ്റെ ബഹുസ്വരതയേയും സഹവർത്തിത്വത്തേയും സംഘപരിവാർ ഭയപ്പെടുന്നു. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം തുടരെ നടക്കുന്നത്. മലയാളികളായ കന്യാസ്‌ത്രീകളെ അറസ്റ്റു ചെയ്ത വാർത്ത ശ്രദ്ധയിൽപ്പെട്ടയുടനെ നീതി ലഭ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഉൾപ്പെടെ അറസ്റ്റിനെ ന്യായീകരിക്കുകയാണുണ്ടായത്.
വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി രാജ്യത്തെ മതനിരപേക്ഷതയ്ക്ക് നിരന്തരം പരിക്കേൽപ്പിക്കാനാണ് സംഘപരിവാർ ശ്രമം. ന്യൂനപക്ഷാവകാശങ്ങളിന്മേലും ഭരണഘടന അനുവദിച്ചു നൽകുന്ന മൗലികാ അവകാശങ്ങളിന്മേലുമുള്ള കടന്നുകയറ്റങ്ങളെ എതിർത്തു തോൽപ്പിക്കുക തന്നെ വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ മലയാളി അറസ്റ്റിലായ കന്യാസ്ത്രീകളെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തിയ ഇടത് നേതാക്കളെ പൊലീസ് തടഞ്ഞു. സന്ദർശനസമയം അവസാനിച്ചുവെന്ന് പറഞ്ഞാണ് നേതാക്കളെ തടഞ്ഞത്. വൃന്ദ കാരാട്ട്, ആനി രാജ, എ. എ. റഹിം, പി. പി. സുനീര്‍ തുടങ്ങിയ നേതാക്കളായിരുന്നു കന്യാസ്ത്രീകളെ സന്ദര്‍ശിക്കാനെത്തിയത്.