

തിരുവനന്തപുരം: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മലയാളികൾ അകപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തും. നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്. 9447111844, 9747132147 എന്നീ നമ്പറുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
അതേസമയം നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ മലയാളികളെ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ ദുരന്ത നിവാരാണ അതോറിറ്റി ആവശ്യപ്പെട്ടു.
" നേപ്പാളിൽ ഇന്ന് (26/08/2026) ഉണ്ടായ മിന്നൽ പ്രളയത്തിൽ ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളികളെ സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ 1070 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കുക. ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്ര ചെയ്ത തീയതി, ബാധിക്കപ്പെട്ടതായ പ്രദേശത്തു എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി. അദ്ദേഹത്തിന്റെ കൈവശമുള്ള മൊബൈൽ നമ്പർ, യാത്ര പദ്ധതി തയ്യാറാക്കി നൽകിയ ഏജൻസിയുടെ പേര് എന്നിവ സഹിതം അറിയിക്കുവാൻ താല്പര്യപ്പെടുന്നു. ലഭ്യമാകുന്ന വിവരങ്ങൾ സംഗ്രഹിച് ഔദ്യോഗിക സംവിധാനം വഴി നേപ്പാൾ സർക്കാരിന് കൈമാറുന്നതായിരിക്കും."
അതേസമയം നേപ്പാളിലെ മിന്നൽപ്രളയത്തിൽ 17 പേരുടെ മരണം സ്ഥിരീകരിച്ചു. . നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോയി. മഞ്ഞുമല തകർന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് നിഗമനം. സ്ഥിതിഗതികൾ വിലയിരുത്താൻ നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ അടിയന്തരയോഗം വിളിച്ചു. മരണ സംഖ്യ 31 ആയി ഉയർന്നതായി ബഗാമാവതി പൊലീസ് അറിയച്ചതായി റിപ്പോർട്ടുകളുണ്ട്.