പറവൂർ: വിദ്യാരംഭ ദിനമായ വിജയദശമി ദിനത്തിൽ നോർത്ത് പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ കുരുന്നുകളെ എഴുത്തിനിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. രാവിലെ ഏഴ് മണിയോടെ ക്ഷേത്ര ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം എഴുത്തിനിരുത്തൽ ചടങ്ങിനെത്തിയത്.
എല്ലാ വർഷവും വി.ഡി. സതീശൻ ഇവിടെ എഴുത്തിനിരുത്തൽ നടത്താറുണ്ട്. ഇക്കുറി തിരുവനന്തപുരത്ത് ഇല്ലാത്തതിനാൽ ഏതാനും ദിവസം മുമ്പ് നാല് കുട്ടികളെ മുൻകൂട്ടി ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രി എഴുത്തിനിരുത്തിയത് വാർത്താ പ്രാധാന്യം നേടിയിരുന്നു.
അതേസമയം, കുട്ടികൾ വിശ്വാസികൾ ആയി വളരട്ടെയെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു. പൂജപ്പുരയിൽ വിദ്യാർഥികളെ എഴുത്തിന് ഇരുത്താൻ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.
കൊല്ലം ശാരദാ മഠത്തിൽ മന്ത്രി ബിന്ദു കൃഷ്ണ കുട്ടികളെ എഴുത്തിനിരുത്തി. കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിക്കുന്നത് സന്തോഷമാണ്. അവർ നാളെയുടെ നായകരായി വളരട്ടെന്നും മന്ത്രി ആശംസിച്ചു. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകാൻ പതിവ് പോലെ ചാണ്ടി ഉമ്മൻ എത്തിയിരുന്നു. വലിയ ജനപ്രവാഹമാണ് ഇവിടെയുണ്ടായത്. തുടർച്ചയായ മൂന്നാം വർഷവും എഴുത്തിനിരുത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
ഭാഷാ പിതാവിൻ്റെ മണ്ണായ തിരൂർ തുഞ്ചൻ പറമ്പിലെത്തി ആദ്യാക്ഷരം കുറിച്ചത് നിരവധി കുരുന്നുകളാണ്. തുഞ്ചൻ സ്മാരക കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാൻമാരും, സരസ്വതി മണ്ഡപത്തിൽ 30 ഓളം സാഹിത്യകാരമാരും കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. ജാതി മത ഭേദമന്യെ നിരവധി കുരുന്നുകൾ വർഷം തോറും ആദ്യാക്ഷരം കുറിച്ചു നൽകുന്ന ഇടം കൂടിയാണ് തിരൂർ തുഞ്ചൻപറമ്പ്.