കേരളത്തിന്റെ, കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഏടുകളിൽ വിഎസ് ഇനി ഓർമ്മ. ആലപ്പുഴയിലെ വലിയചുടുകാട്ടിൽ ജനസാഗരങ്ങളുടെ അന്ത്യാഭിവാദനം സ്വീകരിച്ച് സമരനായകൻ മടങ്ങി. രാത്രി 9.15 ഓടെയാണ് വിഎസിന്റെ ചിതയ്ക്ക് തീ കൊളുത്തിയത്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ രാഷ്ട്രീയ- സാംസ്കാരിക നേതാക്കൾ ഉൾപ്പെടെ വൻ ജനാവലിതന്നെ ആലപ്പുഴയുടെ മണ്ണിൽ വിപ്ലവനായകനെ യാത്രയാക്കാനെത്തിയിരുന്നു. ആൾത്തിരക്കും മാറിമറിഞ്ഞ സമയക്രമവുമെല്ലാം പ്രതീക്ഷയോടെ എത്തിയ പലരേയും നിരാശരാക്കി. പക്ഷെ മുദ്രാവാക്യങ്ങൾ വിളിച്ചും ദൂരെ നിന്ന് വിലാപയാത്ര കണ്ടും അവർ അവരുടെ പ്രിയനേതാവിനെ യാത്രയാക്കി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ തലസ്ഥാനത്ത് നിന്നും പുറപ്പെട്ട വിലാപയാത്ര 22 മണിക്കൂറുകൾ പിന്നിട്ടാണ് ആലപ്പുഴ പുന്നപ്രയിലെ വിഎസിന്റെ വീട്ടിലെത്തിയത്. വിലാപയാത്ര സഞ്ചരിച്ച വഴികൾക്കിരുവശവും ആയിരക്കണക്കിനാളുകൾ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ തിക്കിത്തിരക്കി. കാറ്റും മഴയും വകവയ്ക്കാതെ ഉറക്കമൊഴിഞ്ഞ് , ഉള്ളുലഞ്ഞ് കേരളം വിഎസിനെ അനുഗമിച്ചു. കണ്ണേ കരളേ വിഎസേ..., ഞങ്ങളെ നെഞ്ചിലെ റോസാപ്പൂവേ എന്നുറക്കെ വിളിച്ച് അവർ വിഎസിനോടുള്ള സ്നേഹാദരങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് 3. 20 നാണ് മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദൻ അന്തരിച്ചത്.ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കേരളത്തിലെ പ്രമുഖ നേതാക്കളുമെല്ലാം വിഎസിനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.
ജൂണ്‍ 23നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ രക്ത സമ്മർദ്ദം സാധാരണ നിലയിൽ ആയിരുന്നില്ല ശ്വാസകോശത്തിൽ നേരിയ അണുബാധയും ഉണ്ടായിരുന്നു. ഇൻഫക്ഷൻ വരാതിരിക്കാൻ ആൻ്റിബയോട്ടിക് നൽകിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തിലാണ് വിഎസിന്റെ ചികിത്സ തുടർന്നിരുന്നത്. SUT മെഡിക്കൽ ബോർഡിനൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴംഗ വിദഗ്ധ സംഘവുമാണ് വിഎസിന്റെ ആരോഗ്യ നില പരിശോധിച്ചിരുന്നത്.
വിഎസിന്റെ ഭൗതികശരീരം തിങ്കളാഴ്ച രാത്രി തന്നെ എകെജി സെന്ററിലെത്തിച്ചിരുന്നു. പിറ്റേന്ന് രാവിലെ ദർബാർ ഹാളിൽ പൊതുദർശനത്ത് എത്തിച്ചു. ആയിരക്കണക്കിനാളുകളാണ് പ്രിയ സഖാവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. വിഎസിന്റെ ജന്മനാടായ ആലപ്പുഴയിലേക്കുള്ള വിലാപയാത്രയിലുടനീളം ജനങ്ങൾ അദ്ദേഹത്തെ യാത്രയാക്കാൻ കാത്തുനിൽക്കുകയായിരുന്നു. പുന്നപ്രയിലെ സ്വഗൃഹത്തിലും, ആലപ്പുഴ ഡിസി ഓഫീസിലും അവസാന പൊതുദർശനം നടന്ന പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും വൻ ജനപ്രവാഹമായിരുന്നു.