

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ സംഘപരിവാർ പ്രസിദ്ധീകരണത്തിൻ്റെ സ്‌കോളർഷിപ്പ് മത്സരം സംഘടിപ്പിക്കാൻ അനുമതി പൊതുവിദ്യാഭ്യാസ വകുപ്പ്. ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി. അനൂപ് കുമാറിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകിയത്. യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി യംഗ് സ്കോളർ എക്സാം എന്ന പേരിലാണ് സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുക.
പഠന സമയം നഷ്ടപ്പെടാതെയും ഫീസ് ഈടാക്കാതെയും മത്സരങ്ങൾ നടത്തണമെന്ന് നിർദേശം. ദേശീയ അധ്യാപക പരിഷത്ത് മയിൽപ്പീലി മാസികയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബാലഗോകുലത്തിൻ്റെ പ്രസിദ്ധീകരണമാണ് മയിൽപ്പീലി മാസിക.
സിനിമാ താരം ഉണ്ണി മുകുന്ദനാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ. ഇതാദ്യമായാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി എൻടിയുവിൻ്റെ നേതൃത്വത്തിൽ സ്കോളർഷിപ്പ് മത്സരം സംഘടിപ്പിക്കുന്നത്. സ്കൂൾ തലം, സബ് ജില്ലാ തലം, ജില്ലാ തലം, സംസ്ഥാന തലം എന്നിങ്ങനെ പരീക്ഷ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഡിസംബറിൽ തൃശൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്നാണ് സംഘാടകർ അറിയിച്ചത്.
മുൻ ഡിജിപി ജേക്കബ് തോമസ്, കേരള സർവകലാശാല വി.സി ഡോ. മോഹൻ കുന്നുമ്മേൽ, ഡോ. ജെ. പ്രമീളാ ദേവി, മുൻ കാലിക്കറ്റ് സർവകലാശാല വി.സി ഡോ. എം. അബ്ദുൾ സലാം, ഐഐടി ബോംബെയിലെ പ്രൊഫസർ കെ.ജി. സുരേഷ് എന്നിവർ അഡ്വൈസറി ബോർഡ് അംഗങ്ങളായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരീക്ഷാ ബോർഡിൽ ടി. അനൂപ് കുമാർ, സി.കെ. ബാലകൃഷ്ണൻ, കെ.ജി. ഹരികുമാർ, ഡോ. പ്രവീൺ കുമാർ എന്നിവരുമുണ്ട്.