

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരന് കുരുക്ക് മുറുകുന്നു. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചന്ദ്രശേഖരനെയും കോർപ്പറേഷൻ മുൻ എംഡി കെ.എ. രതീഷിനെ വിചാരണ ചെയ്യുന്നതിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ഇന്നലെ രാത്രി വൈകിയാണ് പ്രോസിക്യൂഷൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങിയത്. കേസിൽ ഇരുവരേയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണമെന്ന സിബിഐയുടെ ആവശ്യത്തില്‍, അഞ്ചു വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്.പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ തടഞ്ഞു വെച്ച പിണറായി സർക്കാറിനെ നേരത്തേ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
2006 മുതൽ 2015 വരെയുള്ള കാലയളവിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതിലും സംസ്കരണത്തിനായി കശുവണ്ടിപ്പരിപ്പ് വാങ്ങിയതിലും കോർപ്പറേഷനിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കേസ്. ഈ കാലയളവിൽ 1400 കോടി രൂപയുടെ കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ഏകദേശം 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കണ്ടെത്തൽ.
വിദേശ രാജ്യങ്ങളിൽ നിന്നും ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി ഉയർന്ന വിലയ്ക്ക് വാങ്ങി കോർപ്പറേഷന് നഷ്ടമുണ്ടായതായും കണ്ടെത്തിയിരുന്നു. കോർപറേഷൻ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെ എ രതീഷ്, ജെഎംജെ ട്രേഡേഴ്സ് ഉടമ ജെയ്മോൻ ജോസഫ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. ഹൈക്കോടതി നിർദേശപ്രകാരം വിജിലൻസും പിന്നീട് 2015ൽ സിബിഐയും കേസ് അന്വേഷിച്ചു.