തിരുവന്തപുരം: ജനവാസമേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കും. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ടുവന്നത്. സ്വകാര്യ ഭൂമിയിൽ നട്ടുവളർത്തിയ ചന്ദനം വനം വകുപ്പ് മുഖേന ഉടമയ്ക്ക് മുറിക്കുന്നതിനുള്ള ബില്ലും അംഗീകരിച്ചിട്ടുണ്ട്. വനം ഇക്കോ ടൂറിസം വികസന ബോർഡിൽ വീണ്ടും ചർച്ച നടക്കും. മറ്റു വകുപ്പുകളുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനം ഈ വിഷയത്തിൽ തീരുമാനമെടുക്കും.
അതേസമയം, വനം നിയമങ്ങളിൽ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് എ. കെ. ശശീന്ദ്രൻ പറഞ്ഞു. അപകടകാര്യകളായ വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ ഉത്തരവ് ഇടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്നും, എന്നാൽ നടപടിക്ക് കാലതാമസം നേരിടുന്നുവെന്നും മന്ത്രി അറിയിച്ചു.
വനം നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ലെന്നും, പ്രശ്നത്തെ അഭിമുഖീകരിക്കാൻ അധികാരം നൽകണമെന്നാണ് ആവശ്യമെന്നും മന്ത്രി പ്രതികരിച്ചു. കേന്ദ്ര നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. എന്നാൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനുള്ള അധികാരം വേണമെന്നാണ് കരട് രേഖയിൽ പറയുന്നത്. വനവും വന്യജീവികളെയും സംരക്ഷിക്കണമെന്ന് നിലപാടിലുറച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്. മന്ത്രിസഭ അംഗീകരിച്ച കരട് ബിൽ നിയമസഭ പാസ്സാക്കിയാൽ രാഷ്ട്രപതിക്ക് അയക്കുമെന്നും മന്ത്രി അറിയിച്ചു.
മലയോര മേഖലയിലുള്ള ജനങ്ങൾക്ക് ഏറെ ആശ്വാസമുണ്ടാക്കുന്നതാണ് മന്ത്രിസഭയുടെ തീരുമാനം. പുതിയ ഭേദഗതിയിലൂടെ ജനവാസ മേഖലയിൽ അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡിന് ഉത്തരവിടാൻ സാധിക്കും. ഇതിനായി ജില്ലാ കളക്ടറുടെയോ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ നിർദ്ദേശം മതിയാകും.
ആക്രമണത്തിൻ്റെ തീവ്രത അനുസരിച്ച് വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലുകയോ മയക്കുവെടിവെക്കുകയോ ചെയ്യാം. അക്രമകാരികളായ ജീവികളെ തിരികെ കാട്ടിലേക്ക് തുരത്തുകയോ മയക്കുവെടി വയ്ക്കുകയോ ചെയ്യുകയാണ് നിലവിലെ രീതി. ഇതിനെതിരെ മലയോര മേഖലയിലെ ജനങ്ങൾ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. നടപടി കൈക്കൊള്ളുന്നതിലെ കാലതാമസം ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ നിയമത്തിൽ ഭേദഗതി വേണമെന്ന് വിവിധ മേഖലകളിൽ നിന്നും ആവശ്യമുയർന്നിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പ്രത്യേക മന്ത്രിസഭായോഗം കരട് ബില്ലിന് അംഗീകാരം നൽകിയിരിക്കുന്നത്.