തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷന് അപേക്ഷാ ഫീസ് നിശ്ചയിച്ച് സംസ്ഥാന സർക്കാർ. അക്ഷയ ഫീസ് നിരക്ക് 40 രൂപയായി നിശ്ചയിച്ച് ഉത്തരവിറക്കി. അക്ഷയകേന്ദ്രങ്ങളിലൂടെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നൽകി വരുന്ന സേവനങ്ങൾക്ക് ചുവടെ ചേർത്തിരിക്കുന്ന നിരക്കിൽ സർവീസ് ചാർജ് ഈടാക്കാൻ നിർദേശിച്ചാണ് ഉത്തരവ്.
പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ, അനുബന്ധ സേവനങ്ങൾ എന്നിവയെല്ലാം ചേർത്താണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമെ രേഖകളുടെ സ്കാനിംഗ്, പ്രിന്റിംഗ് എന്നിവയ്ക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള നിരക്കുകൾ ഈടാക്കാവുന്നതാണ് എന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഇതിനോടകം സ്വീകരിച്ചു തുടങ്ങി.
ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. നിലവില്‍ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെന്‍ഷനുകളുടെയോ ഗുണഭോക്താക്കള്‍ അല്ലാത്ത അര്‍ഹരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി.