

അങ്കമാലി - ശബരി റെയില്‍ പദ്ധതിക്ക് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 1900 കോടിയാണ് അനുവദിച്ചത്. പദ്ധതി ചെലവിന്റെ പകുതി തുക വഹിക്കാമെന്ന് കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തുക അനുവദിച്ച് ഉത്തരവിറങ്ങുന്നത്.
3800 കോടിയാണ് പദ്ധതി ചെലവായി പ്രതീക്ഷിക്കുന്നത്. 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ പാത എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലൂടെയാണ് കടന്ന് പോകുന്നത്.
തടസങ്ങള്‍ നീങ്ങി ശബരി റെയില്‍പാത വീണ്ടും ഉണരുമ്പോള്‍ കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. മൂന്ന് പതിറ്റാണ്ടോളം ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനത്തില്‍ കുടുങ്ങി കിടന്ന ഭൂവുടമകള്‍ക്കും സര്‍ക്കാര്‍ തീരുമാനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
ചുവപ്പ് നാടയില്‍ കുടുങ്ങിക്കിടന്ന പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ 1900 കോടി രൂപ അനുവദിച്ചത്. മൂന്ന് ഘട്ടങ്ങളിലായി തലസ്ഥാനം വരെ നീളുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണിത്. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു റെയില്‍വേ പദ്ധതിക്കായി പണം അനുവദിക്കേണ്ട സാഹചര്യം സംസ്ഥാന സര്‍ക്കാരിലേക്ക് എത്തുന്നത്. അങ്കമാലി മുതല്‍ എരുമേലി വരെയുള്ള 111 കിലോമീറ്റര്‍ പാതയാണ് ആദ്യ ഘട്ടത്തിലുള്ളത്. ഇതില്‍ 14 സ്റ്റേഷനുകള്‍ ഉണ്ടാകും. പദ്ധതി ചെലവിന്റെ 50 ശതമാനം തുക കിഫ്ബി ഫണ്ടിലൂടെ സംസ്ഥാനം വഹിക്കാമെന്ന് നേരത്തെ തന്നെ റെയില്‍വേയെ അറിയിച്ചിരുന്നു. അന്ന് 2815 കോടിയായിരുന്നു പദ്ധതി ചെലവ് എങ്കില്‍ ഇന്ന് അത് 3800 കോടിക്ക് മുകളിലാണ്. ദേശീയപാതയും എം.സി. റോഡും സംഗമിക്കുന്ന അങ്കമാലിക്കടുത്താണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം. ശബരിപാത കൂടി വരുന്നതോടെ വിവിധ ഗതാഗത സൗകര്യങ്ങളുടെ സംഗമ ഭൂമിയായി അങ്കമാലി മാറും.
ഇടുക്കി ജില്ലയിലെ ആദ്യ റെയില്‍വേ സ്റ്റേഷനാകും തൊടുപുഴ. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി, വാഗമണ്‍, ഇടുക്കി ഡാം, കുളമാവ്, രാമക്കല്‍മേട്, കുട്ടിക്കാനം എന്നിവിടങ്ങളിലേക്കെല്ലാം യാത്ര കൂടുതല്‍ സുഗമമാകും. കൂടാതെ ഭൂസൂചിക പദവി ലഭിച്ച വാഴക്കുളം പൈനാപ്പിള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും ശബരി റെയില്‍ പാത വലിയ അനുഗ്രഹമാകും. നിര്‍മാണം നീണ്ട് നീണ്ട് പോകുന്ന പദ്ധതി എത്രയും വേഗം യാഥാര്‍ഥ്യമാക്കണം എന്നതാണ് ജനങ്ങളുടേയും ആവശ്യം.
ശബരിമല തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ യാത്രയാകും ശബരി റെയില്‍ പാത സമ്മാനിക്കുക. മലയോര മേഖലയിലെ വാണിജ്യ വ്യവസായ സംരംഭങ്ങള്‍ക്കും ഇത് കൂടുതല്‍ പ്രയോജനം ചെയ്യും. കൂടാതെ ഈ പാതയില്‍ വരുന്ന റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പുതിയ തൊഴിലിടങ്ങളും രൂപപ്പെടും.