
കൊലപാതക കേസില്‍ തടവില്‍ കഴിയുന്ന പ്രതിക്ക് വിവാഹിതനാവാന്‍ പരോള്‍ അനുവദിച്ച് കേരള ഹൈക്കോടതി. വിവാഹത്തിന് സാധാരണ പരോള്‍ അനുവദിക്കാറില്ലെങ്കിലും പ്രത്യേകാധികാരം ഉപയോഗിച്ചാണ് 15 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്.
യുവതിയുടെ ആഴത്തിലുള്ള പ്രണയവും ഇഷ്ടവും സന്തോഷവും കാണാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് പരോള്‍ അനുവദിച്ചത്. അമേരിക്കന്‍ കവയിത്രി മായ ആഞ്ചലോയുടെ 'സ്‌നേഹത്തിന് അതിരുകളില്ല. അത് തടസ്സങ്ങള്‍ ചാടിക്കടക്കുന്നു, വേലികള്‍ ഭേദിക്കുന്നു, മതിലുകള്‍ തകര്‍ത്ത് പ്രത്യാശയോടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നു'എന്ന വാക്യങ്ങള്‍ ഉത്തരവില്‍ രേഖപ്പെടുത്തിയാണ് കോടതി കൊലപാതക കേസിലെ പ്രതിക്ക് വിവാഹത്തിന് അടിയന്തര പരോള്‍ അനുവദിച്ചത്.
തൃശൂര്‍ സ്വദേശിയായ പ്രശാന്തിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ 15 ദിവസത്തേക്ക് പരോള്‍ അനുവദിച്ചത്. ജൂലൈ 13ന് വിവാഹം നടത്താന്‍ പരോള്‍ അനുവദിക്കണമെന്ന ആവശ്യം ജയില്‍ അധികൃതര്‍ തള്ളിയതിനെ തുടര്‍ന്നാണ് പ്രശാന്തിന്റെ മാതാവ് ഹൈകോടതിയെ സമീപിച്ചത്. വിവാഹത്തിന് വേണ്ടി പരോള്‍ അനുവദിക്കാന്‍ വകുപ്പില്ലെന്ന് വ്യക്തമാക്കിയായിരുന്നു ജയിലധികൃതര്‍ അപേക്ഷ നിരസിച്ചത്. എന്നാല്‍ കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷിച്ച ഒരാളെ വിവാഹം കഴിക്കാനുള്ള യുവതിയുടെ സന്നദ്ധത കോടതി ചൂണ്ടിക്കാണിക്കുകയായിരുന്നു.
കൊലപാതക കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നതിനു മുമ്പ് തന്നെ വിവാഹം നിശ്ചയിച്ചിരുന്നുവെന്നും ഇത് തെളിയിക്കുന്നതിനായി വിവാഹ നിശ്ചയത്തിന്റെ ഫോട്ടോയും പ്രതിയുടെ അമ്മ കോടതിയില്‍ ഹാജരാക്കി. പ്രതിയെ അല്ല താന്‍ നോക്കുന്നതെന്നും, വിവാഹം ഉറപ്പിച്ച വ്യക്തിയോടുള്ള സ്‌നേഹം കൈവിടാത്ത പെണ്‍കുട്ടിയെ പരിഗണിച്ചാണ് പരോള്‍ അനുവദിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇഷ്ടപ്പെട്ടയാള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിട്ടും പെണ്‍കുട്ടിയുടെ മനസ്സ് മാറിയില്ലെന്നും കോടതി പറഞ്ഞു. ജുലൈ 12 മുതലാണ് പരോള്‍.