"പാകിസ്ഥാന്‍ പാസ്പോർട്ട് റദ്ദാക്കിയത് കൊണ്ടു മാത്രം കാര്യമില്ല"; കേരളത്തിൽ ജനിച്ച 'പാക് പെണ്‍കുട്ടികള്‍ക്ക്' പൗരത്വം നൽകാനാവില്ലെന്ന് ഹൈക്കോടതി

സുമൈറ മറൂഫ്, മറിയം മറൂഫ് എന്നിവർക്കാണ് സിംഗിള്‍ ബെഞ്ച് പൗരത്വം അനുവദിച്ചത്
ഹൈക്കോടതി
ഹൈക്കോടതിSource: Telegraph India
Published on

എറണാകുളം: പാകിസ്ഥാൻ പൗരത്വമുള്ള, കേരളത്തിൽ ജനിച്ച പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പൗരത്വം നൽകാനാവില്ലെന്ന് ഹൈക്കോടതി. പാകിസ്ഥാന്റെ പാസ്പോർട്ട് റദ്ദാക്കിയാൽ മാത്രം പൗരത്വം അനുവദിക്കാനാവില്ല. പൗരത്വം റദ്ദാക്കിയ രേഖകൾ ഹാജരാക്കിയാൽ മാത്രമേ അപേക്ഷ പരിഗണിക്കാനാവൂയെന്നും കോടതി വ്യക്തമാക്കി.

കണ്ണൂരിൽ ജനിച്ച പാകിസ്ഥാന്‍ പൗരത്വമുള്ള രണ്ട് പ്രായപൂർത്തിയാകാത്തവർക്ക് പാക് പൗരത്വം റദ്ദാക്കാതെ ഇന്ത്യന്‍ പൗരത്വം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സർക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. സുമൈറ മറൂഫ്, മറിയം മറൂഫ് എന്നിവർക്കാണ് സിംഗിള്‍ ബെഞ്ച് പൗരത്വം അനുവദിച്ചത്.

ഇവരുടെ പിതാവ് മുഹമ്മദ് മറൂഫ് കണ്ണൂരിലെ കോട്ടയം - മലബാറിലാണ് ജനിച്ചത്. ഒൻപതാം വയസിൽ അനാഥനായ മറൂഫിനെ പാകിസ്ഥാനിലുള്ള അമ്മുമ്മ ദത്തെടുക്കുകയായിരുന്നു. 1977ല്‍ ഇയാള്‍ അമ്മൂമ്മയ്‌ക്കൊപ്പം പാകിസ്ഥാനിലേക്ക് പോയി. തുടർന്ന് പാകിസ്ഥാന്‍ പാസ്പോർട്ട് ഉള്‍പ്പെടെ അനുവദിച്ചു കിട്ടി. മറൂഫ് ഇപ്പോൾ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ ജോലി ചെയ്യുകയാണ്. 2008ൽ, ഇന്ത്യയിൽ താമസിക്കാൻ മറൂഫിന്റെ കുടുംബത്തിന് ഇന്ത്യൻ സർക്കാർ അനുമതി നല്‍കിയതിനെ തുടർന്ന് ഇവർ ഇവിടേക്ക് താമസം മാറുകയായിരുന്നു. ഒരു പ്രത്യേക കാലപരിധിയിലേക്ക് മാത്രമായിരുന്നു ഈ അനുമതി. പിന്നീട് കാലാകാലങ്ങളിൽ ഇത് നീട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.

ഹൈക്കോടതി
IMPACT | പ്ലസ് ടു മാർക്ക് ലിസ്റ്റുകളിലെ പിഴവ്: രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് താക്കീത് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി

പാകിസ്ഥാൻ പൗരത്വ നിയമത്തിലെ സെക്ഷൻ 14എ പ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് പൗരത്വം ഉപേക്ഷിക്കാൻ അനുവാദമില്ല. അതിനാല്‍‌ ഇന്ത്യൻ പൗരത്വം നൽകുന്നതിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടുകളും ഇവർ സമർപ്പിച്ചിരുന്നു. എന്നാല്‍, ജസ്റ്റിസ് ശുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് ശ്യം കുമാർ വി.എം എന്നിവർ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് പാസ്പോർട്ട് സമർപ്പിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്ന് വ്യക്തമാക്കി. പാക് പൗരത്വം റദ്ദാക്കാതെ ഇന്ത്യന്‍ പൗരത്വം അനുവദിച്ചാല്‍ അത് ഇരട്ട പൗരത്വത്തിന് കാരണമാകുമെന്നാണ് കോടതിയുടെ നിരീക്ഷണം.

ഹൈക്കോടതി
കണ്ണൂർ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈലും ലഹരിയും എത്തിക്കുന്നത് മുന്‍ തടവുകാരുടെ ശൃംഖല; നിർണായക വിവരങ്ങള്‍ പുറത്ത്

കേന്ദ്രത്തിന്റെ റിട്ട് ഹർജി പരിഗണിച്ച കോടതി, നിയമപ്രകാരമുള്ള എല്ലാ ആവശ്യകതകളും ഇവർ നിറവേറ്റിയാല്‍ പൗരത്വം നല്‍കുന്നതില്‍ തങ്ങളുടെ തീരുമാനം തടസമാകില്ലെന്നും വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com