കണ്ണൂർ: കേരളാ-കർണാടക അവകാശത്തർക്കത്തെ തുടർന്ന് കണ്ണൂർ ചെറുപുഴ ആറാട്ടുകടവിലെ ആദിവാസി കുടുംബങ്ങൾ ആശങ്കയിൽ. ആറാട്ടുകടവിലെ 11 കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്.
സംസ്ഥാന സർക്കാർ ഇവർക്ക് സ്ഥലവും വീടും അനുവദിച്ചെങ്കിലും ഇതുവരെ കുടിവെള്ളമോ വൈദ്യുതിയോ ലഭ്യമായിട്ടില്ല. ഇവർ താമസിക്കുന്നത് തർക്കഭൂമിയിൽ ആയതിനാൽ കുടിയിറങ്ങണമെന്നാണ് കർണാടക വനം വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.
പട്ടിക ജാതി വിഭാഗത്തിൽ പെട്ട 11 കുടുംബങ്ങളാണ് പുളിങ്ങോം പഞ്ചായത്ത് അഞ്ചാം വാർഡായ ആറാട്ട് കടവിൽ ഇപ്പോൾ താമസിക്കുന്നത്. കാര്യങ്കോട് പുഴക്കരയിൽ വനത്തിനകത്ത് ചെറുകൂരകളിൽ താമസിക്കുന്ന ഇവർക്ക് പക്ഷേ സ്വന്തം ഭൂമിയില്ലാത്തതാണ് വെല്ലുവിളി ഉണ്ടാക്കുന്നത്.
നേരത്തെ 40 കുടുംബങ്ങളാണ് ആറാട്ടുകടവിലുണ്ടായിരുന്നത്. അടച്ചുറപ്പില്ലാത്ത കൂരകളും, ചുറ്റുപാടുമുള്ള കാട്ടാനകളുടെ ചൂര് വിട്ടുമാറാത്തതുമാണ് കുടുംബങ്ങൾ കൊഴിഞ്ഞുപോകാൻ കാരണം. വിഷപ്പാമ്പുകൾ ഉൾപ്പെടെ വന്യജീവി ശല്യം വേറെയും.
സ്വന്തമല്ലെങ്കിലും ഒരു കൂരയെങ്കിലുമുള്ള മണ്ണിൽ നിന്ന് അവർക്ക് പലായനം ചെയ്യേണ്ടി വന്നു. എങ്ങോട്ട് പോകുമെന്ന് തീർച്ചയില്ലാത്ത ഇവരിൽ 7 കുടുംബങ്ങൾ വാടകക്ക് താമസിക്കാൻ തീരുമാനിച്ചു. അതിനും പറ്റാത്ത 4 കുടുംബങ്ങളിപ്പോൾ കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കരുണയിൽ വനം വകുപ്പിൻ്റെ പഴയ കെട്ടിടങ്ങളിലാണ് കഴിയുന്നത്.
പെരിങ്ങോത്ത് നിർമിക്കുന്ന വീടുകൾ ഏറ്റവും പെട്ടെന്ന് താമസയോഗ്യമാക്കമാണമെന്നാണ് ഇവരുടെ ആവശ്യം. കേരളത്തിന് അവകാശപ്പെട്ട ഏക്കർ കണക്കിന് വനഭൂമി കർണാടക സ്വന്തമെന്ന് അവകാശപ്പെടുമ്പോൾ അത് അളന്ന് തിട്ടപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.