20 രൂപയ്ക്ക് വയറുനിറച്ച നല്ല നാളുകള്‍ അവസാനിക്കുന്നു... കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ താഴിടുന്നു

1198 ഹോട്ടലുകളിൽ 543 എണ്ണം ഇതിനകം അടച്ചു പൂട്ടി, ശേഷിക്കുന്നവ പൂട്ടലിന്റെ വക്കിലാണ്
20 രൂപയ്ക്ക് വയറുനിറച്ച നല്ല നാളുകള്‍ അവസാനിക്കുന്നു... കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ താഴിടുന്നു
Published on: 
Updated on: 

20 രൂപയ്ക്ക് വയറുനിറച്ച ഒരു കാലമുണ്ടായിരുന്നു കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾക്ക്. എന്നാൽ ഇന്ന് തകർച്ചയുടെ വക്കിലാണ് കുടുംബശ്രീയുടെ ഈ ജനകീയ പദ്ധതി. സബ്‍സിഡിക്കു പുറമേ വൈദ്യുതിയും ​​ഗ്യാസ് കണക്ഷനും നിലച്ചതോടെയാണ് വനിതാ സംരംഭകർ കടക്കെണിയിലായത്. പദ്ധതിക്ക് കീഴിലുണ്ടായിരുന്ന പകുതിയിലധികം ഹോട്ടലുകൾക്കും ഇതിനകം പൂട്ടു വീണ് കഴിഞ്ഞു.

ഒരുകാലത്ത് കുറഞ്ഞ നിരക്കിൽ‌ വയറു നിറയെ സ്വാദിഷ്ടമായ ഭക്ഷണം വച്ചു വിളമ്പിയ അമ്മമാർ ഇന്ന് കടക്കെണിയിലാണ്. കുടുംബശ്രീ വനിതകൾക്ക് ഉപജീവനമൊരുക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതി അവതാളത്തിലായതോടെ ജനകീയ ഹോട്ടലുകൾ പകുതിയിലേറെയും അടച്ചു പൂട്ടി. സബ്‌സിഡി നിലച്ചിട്ട് കാലങ്ങളായി. കടം പറഞ്ഞും വാങ്ങിയും ഇത്രനാൾ മുന്നോട്ടു പോയി. കൊവിഡ് കാലത്ത് വരെ മുടങ്ങാതെ അന്നം വിളമ്പിയ തിരുവനന്തപുരം ജില്ലയിലെ ആദ്യ ജനകീയ ഹോട്ടൽ അടച്ചുപൂട്ടിയിട്ട് 22 ദിവസം. ബിൽ അടയ്ക്കാത്തതിനാൽ കെഎസ്ഇബി വൈദ്യൂതി വിച്ഛേദിച്ചതാണ് കാരണം..​ ഗ്യാസ് കണക്ഷനും നിലച്ചു.

20 രൂപയ്ക്ക് വയറുനിറച്ച നല്ല നാളുകള്‍ അവസാനിക്കുന്നു... കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ താഴിടുന്നു
സംസ്ഥാനത്തെങ്ങും തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വില കുറഞ്ഞ വ്യാജന്‍; മറയൂർ ശർക്കര ഉല്‍പ്പാദനം പ്രതിസന്ധിയില്‍

സർക്കാർ സബ്‌സിഡിയിൽ 20 രൂപ നിരക്കിൽ ഊണ് നൽകിയാണ് ജനകീയ ഹോട്ടലുകൾ ജനഹൃദയങ്ങളിൽ ഇടംപിടിച്ചത്. പിന്നീട് സബ്‌സിഡി നിലച്ചു. കുറഞ്ഞ നിരക്കിൽ മാവേലി സ്റ്റോറുകൾ വഴി ലഭിച്ചിരുന്ന അരിയായിരുന്നു പിന്നീടുള്ള ആശ്വാസം. ഇപ്പോൾ അതും നിന്നു. പാചകവാതക സിലിണ്ടറുകൾ ഉൾപ്പെടെ സാധനങ്ങളുടെ വിലക്കയറ്റം കൂടിയായതോടെ സാമ്പത്തിക ഭാരം താങ്ങാനാകാതെയായി. ഊണിന് വില 35 രൂപയാക്കി പിടിച്ചു നിൽക്കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെയാണ് പല ജനകീയ ഹോട്ടലുകളും പൂട്ടിയത്. 1198 ഹോട്ടലുകളിൽ 543 എണ്ണം ഇതിനകം അടച്ചു പൂട്ടി. ശേഷിക്കുന്നവ പൂട്ടലിന്റെ വക്കിലാണ്.

News Malayalam 24x7
newsmalayalam.com