മുന്നാറിലും സിക്കിമിലും വൻ വിജയം; വയനാട്ടിലെ ഉരുൾപൊട്ടൽ മുന്നറിയിപ്പ് പദ്ധതി സാങ്കേതിക കുരുക്കിൽ

15 കോടി രൂപ ചെലവിൽ വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള 20 കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാനായിരുന്നു പദ്ധതി
കള്ളാടി മണ്ണിടിച്ചിൽ
കള്ളാടി മണ്ണിടിച്ചിൽSource: News Malayalam24x7
Published on
Updated on

മേപ്പാടി: വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ അമൃത സർവകലാശാല സമർപ്പിച്ച പദ്ധതി സാങ്കേതിക കുരുക്കിൽ കുടുങ്ങി വൈകുന്നു. മൂന്നാറിന് പുറമെ സിക്കിം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മികച്ച രീതിയിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഉരുൾപൊട്ടൽ ഭീഷണി ഏറെയുള്ള വയനാട്ടിൽ സർക്കാർ നടപടി ക്രമങ്ങളിൽ കുരുങ്ങി വൈകുന്നത്.

ഉരുൾപൊട്ടൽ സാധ്യത മനസ്സിലാക്കി, ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അമൃത സർവകലാശാല വികസിപ്പിച്ചെടുത്ത സംവിധാനമാണ് ലാൻഡ്‌സ്‌ലൈഡ് ഏർലി വാണിങ് സിസ്റ്റം. എഐ സാങ്കേതികവിദ്യ ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി)എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം ഇന്ത്യയിൽ ആദ്യമായി പരീക്ഷിച്ച് വിജയിച്ചത് കേരളത്തിലെ മൂന്നാറിലാണ്.

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ 30 മീറ്ററോളം ആഴത്തിൽ വിവിധ സെൻസറുകൾ സ്ഥാപിച്ച് മണ്ണിലെ ഈർപ്പം, മഴയുടെ അളവ്, മണ്ണിലെ സമ്മർദം, ചെറിയ ഭൂചലനങ്ങൾ എന്നിവ നിരീക്ഷിക്കും. സെൻസറുകളിൽ നിന്ന് ലഭിക്കുന്ന ഡാറ്റ, എഐ സംവിധാനം ഉപയോഗിച്ച് വിശകലനം ചെയ്തിന് ശേഷം നാല് ഘട്ടങ്ങളായാണ് മുന്നറിയിപ്പ് നൽകുന്നത്. മുന്നറിയിപ്പ് വിവരങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറുകയാണ് ചെയ്യുക.ഇത് അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ കൃത്യസമയത്ത് ഒഴിപ്പിക്കാൻ സഹായിക്കുന്നു.

കള്ളാടി മണ്ണിടിച്ചിൽ
കള്ളാടി മണ്ണിടിച്ചിൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി

ഇടുക്കിയിലെ മൂന്നാറിലെ മലയോര മേഖലകളിൽ 2009 മുതല്‍ വിജയകരമായി ഈ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. 15 കോടി രൂപ ചെലവിൽ വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള 20 കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാനായിരുന്നു പദ്ധതി. ചൂരല്‍മല ദുരന്തബാധിത പ്രദേശത്തിന് ചുറ്റുമുള്ള ഏറ്റവും അപകടസാധ്യതയേറിയ മണിക്കുന്ന് മല , ചെമ്പ്രമല, കള്ളാടി, വെള്ളാരംകുന്ന് അടക്കം 20 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സാങ്കേതികവിദ്യ വിന്യസിക്കാൻ പദ്ധതിയെന്ന് അമൃത സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സ് ലറും കേരള സര്‍ക്കാറിന്‍റെ ലാന്‍റ് സ്ളൈഡ് ഉപദേശക സമിതി അംഗവുവുമായ മനീഷ വി രമേഷ് പറഞ്ഞു.

മൂന്നാറിൽ ജനങ്ങൾക്ക് സുരക്ഷയൊരുക്കാൻ സഹായിച്ച ഈ സാങ്കേതികവിദ്യ വയനാട്ടിലെ ദുരന്തബാധിത മേഖലകളിലും എത്രയും വേഗം ലഭ്യമാക്കുകയാണ് അമൃതയുടെ ലക്ഷ്യം. ഈ പദ്ധതിയുടെ മുഴുവൻ ചെലവും സർവകലാശാല തന്നെയാണ് വഹിക്കുന്നത് എന്നും മനീഷ വി. രമേഷ് വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com