സർക്കാർ ആശുപത്രികളിലേക്ക് മരുന്ന് വാങ്ങുന്നതിൽ കമ്പനികളുടെ ഒത്തുകളി; ടെണ്ടറിൽ പങ്കെടുക്കുന്നത് മരുന്നിന് ഒറ്റ വിലയിട്ട് | ന്യൂസ് മലയാളം ബിഗ്ഗസ്റ്റ്

ഒത്തുകളി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ബോധ്യപ്പെട്ടാൽ കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തുമെന്നുമാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ അധികൃതർ പറയുന്നത്
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ
Published on

സർക്കാർ ആശുപത്രികളിലേക്ക് മരുന്ന് വാങ്ങുന്നതിനുള്ള ടെണ്ടർ നടപടികളിൽ കമ്പനികളുടെ ഒത്തുകളി. പല കമ്പനികൾ ഒരേ വില ഇട്ട് ടെണ്ടറിൽ പങ്കെടുക്കുന്നുവെന്ന് ന്യൂസ് മലയാളം അന്വേഷണത്തിൽ കണ്ടെത്തി. ഒറ്റവിലയിട്ട് ടെണ്ടറിൽ പങ്കെടുക്കാറുണ്ടെന്ന് കമ്പനി ഉടമകൾ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഒപ്പം ചേരാത്ത കമ്പനികൾക്ക് ടെണ്ടർ കിട്ടാതിരിക്കാനാണ് ഇതെന്നും വെളിപ്പെടുത്തൽ. ഒത്തുകളിക്ക് ഉദ്യോഗസ്ഥരുടെ ഒത്താശ ഉണ്ടെന്നും ആക്ഷേപമുണ്ട്. ടെണ്ടർ ഒത്തുകളിയിൽ സർക്കാരിനുണ്ടാകുന്നത് കോടികളുടെ നഷ്ടമാണ്. ഒത്തുകളി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ബോധ്യപ്പെട്ടാൽ കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തുമെന്നുമാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ അധികൃതർ പറയുന്നത്.

കീമോതെറാപ്പി മരുന്നായ ടെമോ സോളോമൈഡിന് ബീറ്റ ഡ്രഗ്സ് ലിമിറ്റഡും തെർഡോസ് ഫാർമയും ക്വാട്ട് ചെയ്തിരിക്കുന്നത് ഒരേ വില. മറ്റൊരു ക്യാൻസർ മരുന്നായ അബിറെട്ടെറോൺ അസിറ്റേറ്റ്, എംഎസ്എൻ ലബോറട്ടറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും അഡ്മാക് ലൈഫ് സയൻസസ് എന്ന കമ്പനിയും ക്വാട്ട് ചെയ്തിരിക്കുന്നത് ഒരേ തുക. പ്രമേഹ രോഗത്തിന് നൽകുന്ന മരുന്നായ മെറ്റ് മോർഫിനും ഇതുപോലെ തന്നെയാണ്. വിവേക് ഫാർമസ്യൂട്ടിക്കൽസും യുണീ കെയർ ലിമിറ്റഡും ഈ മരുന്നിനു ടെണ്ടറിൽ നൽകിയിരിക്കുന്നത് ഒരേ വില. ക്ലിന്റാ മൈസിൻ ജെല്ലിന്റെ കാര്യത്തിൽ ഒത്തൊരുമയോടെ എത്തിയ കമ്പനികൾ മൈക്രോൺ ഫാർമസ്യൂട്ടിക്കൽസും നാന്‍സ് മെഡി സയൻസ് ഫാർമയുമാണ്. എന്തിന് സോഡാകാരത്തിനു പോലും ഒരേ വില ഇട്ടാണ് കമ്പനികൾ എത്തിയിട്ടുള്ളത്.

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ
ചട്ടങ്ങൾ മറികടന്ന് പുതിയ നിയമനത്തിന് നീക്കം; കേരള ആർട്ടിസാൻ ഡെവലപ്മെന്റ് കോർപ്പറേഷനിലെ ക്രമക്കേടിന്റെ കൂടുതൽ വിവരങ്ങൾ ന്യൂസ് മലയാളത്തിന്

കമ്പനികൾ അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ് ഇതെന്ന് സമ്മതിക്കുന്ന ശബ്ദരേഖ കേൾക്കുക. ഈ വർഷത്തെ ടെൻഡറിൽ അല്ല 2017 മുതൽ ഇങ്ങോട്ട് ഒരേ വില ഒരുമിച്ച് ക്വാട്ട് ചെയ്യുന്ന കമ്പനികൾ ഉണ്ട്. ഇതേ കമ്പനികൾക്ക് വീതം വച്ച് ടെൻഡർ കിട്ടിയിട്ടുമുണ്ട്. ടെൻഡർ വ്യവസ്ഥകളുടെ നഗ്നമായ ലംഘനം ഉണ്ടായിട്ടുപോലും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഇതേക്കുറിച്ച് അറിഞ്ഞിട്ടേയില്ല എന്നാണ് പറയുന്നത്. പലതട്ടിൽ ഉള്ള കമ്മിറ്റികൾ പരിശോധന നടത്തി ആണ് അന്തിമ ടെൻഡറിന് അനുമതി നൽകുന്നത്. അപ്പോൾ ഒരു ഉദ്യോഗസ്ഥനും ഇത് ശ്രദ്ധിക്കാതെ പോയോ എന്നതാണ് ഉയരുന്ന ചോദ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com