"പൊതുപ്രവ‍ർത്തകർ സമൂഹത്തിന് മാതൃകയാവണം"; രാഹുലിനെതിരെ തുറന്നടിച്ച് ടി.എൻ. പ്രതാപൻ

ഇന്നത്തെ വാർത്തകൾ അറിയാം
"പൊതുപ്രവ‍ർത്തകർ സമൂഹത്തിന് മാതൃകയാവണം"; രാഹുലിനെതിരെ തുറന്നടിച്ച് ടി.എൻ. പ്രതാപൻ
Source: News Malayalam 24x7

കാസർഗോഡ് ഒൻപത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതികൾ കുറ്റക്കാർ

കാസർഗോഡ് ഒൻപത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. കുടക് നപ്പോക്ക് സ്വദേശി പി.എ. സലീം, സഹോദരി സുബൈദ എന്നിവരാണ് കുറ്റക്കാർ. വിധി ഉച്ചയ്ക്ക് ശേഷം പറയും.

ഷാഫിക്കും സതീശനും പരാതികള്‍ ലഭിച്ചിരുന്നു - ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി

വി.കെ. സനോജ്
വി.കെ. സനോജ്

വി കെ സനോജ് ഷാഫി പറമ്പിലിനെയും പ്രതിപക്ഷ നേതാവിനെയും വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. വി.ഡി. സതീശൻ്റെയും ഷാഫിയുടെയും മുമ്പിൽ രാഹുലിനെതിരെ നിരവധി പരാതികൾ കിട്ടിയിരുന്നു. പല പരാതികളും സെറ്റിൽ ചെയ്യാൻ ആണ് ഇവർ ശ്രമിച്ചത്. ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ നടന്നു എന്നാണ് അറിയുന്നത്. എന്നാൽ ഒന്നും കിട്ടിയില്ലെന്നാണ് ഷാഫിയും സതീശനും പറയുന്നതെന്ന് സനോജ് പറഞ്ഞു.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഷാഫി മറുപടി നൽകിയില്ല. എഫ്ഐആർ ഇല്ല, കേസ് ഇല്ല എന്ന വാദം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഡിവൈഎഫ്ഐ പ്രതിഷേധം തുടരും. വടകരയിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. പരാതി പറഞ്ഞ സ്ത്രീകളെ സമൂഹ മാധ്യങ്ങളിലൂടെ അധിഷേപിക്കുന്നവരെ പ്രവർത്തകരെ അണിനിരത്തി നേരിടുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി അറിയിച്ചു.

അനധികൃതമായി 685 ചാക്ക് അരി സൂക്ഷിച്ചു; റെയ്ഡില്‍ പിടികൂടി സപ്ലൈകോ

സപ്ലൈകോയ്ക്ക് നൽകാതെ അനധികൃതമായി സൂക്ഷിച്ച 685 ചാക്ക് അരി കാലടി പൊലീസും സപ്ലൈകോയും ചേർന്ന് പിടികൂടി. കാലടി മുണ്ടങ്ങാമറ്റത്തെ ഫ്രാൻസ്‌കോ അരി മില്ലിൽ നിന്നുമാണ് അരി പിടികൂടിയത്.

ഇവിടെ അരി സൂക്ഷിച്ച് വച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സപ്ലൈകോ വഴി സംഭരിച്ച നെല്ല് അരിയാക്കി സപ്ലൈകോയ്ക്ക് തിരികെ നൽകുന്ന അരി മില്‍ ആണിത്.

എന്നാൽ സപ്ലൈകോയ്ക്ക് നൽകാതെ അരി അനധികൃതമായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. മട്ട അരിയാണ് പിടികൂടിയത്. ഉയർന്ന വിലയ്ക്ക് വിപണിയിൽ അരി കമ്പനി വിൽപ്പന നടത്തുന്നതിനു വേണ്ടിയാണ് അരി സൂക്ഷിച്ചുവച്ചിരുന്നത്. കണക്കിൽപ്പെടാത്ത 3,22,900 കിലോ അരിയും മില്ലിൽ കണ്ടെത്തിയിട്ടുണ്ട്.

"ഞാൻ ഒരു മാങ്കൂട്ടത്തില്‍ അല്ല"; രാഹുലിനെ പരിഹസിച്ച് വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശന്‍
വെള്ളാപ്പള്ളി നടേശന്‍Source: News Malayalam 24x7

ഒരുപാട് നല്ല നല്ല വാക്കുകളും ചീത്തയും ആളുകൾ തന്നെ പറയുന്നു, കേൾക്കുന്നു, കളയുന്നു അതാണ് തൻ്റെ രീതിയെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. താൻ ഒരു മാങ്കൂട്ടത്തില്‍ അല്ലെന്നും തൻ്റെ അടുത്ത് ആർക്കും വരാമെന്നും വെള്ളാപ്പള്ളി രാഹുലിനെ പരിഹസിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാരിൽ നിന്ന് അർഹതപ്പെട്ട സഹായം കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇക്കാര്യം പറയുമ്പോൾ താൻ ജാതി പറയുന്നുവെന്ന് പറയുന്നു. താൻ പറയുന്നത് ജാതി അല്ല നീതി ആണ്. നീതി പറയുന്നവർക്ക് ഒന്നും കിട്ടുന്നില്ല ജാതി പറയുന്ന മറ്റുള്ളവർക്ക് കിട്ടുന്നു. തനിക്ക് മറ്റ് രാഷ്ട്രീയ മോഹങ്ങൾ ഇല്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി കൂട്ടിച്ചേർത്തു.

സമൂഹത്തിനുവേണ്ടി സത്യം പറയുമ്പോൾ താൻ ജാതി പറയുന്നു എന്നാണ് ആക്ഷേപം. മലപ്പുറത്തുകാർക്ക് വേണ്ടി കൊട്ടി കൊടുക്കാൻ നടക്കുന്ന കുട്ടികൾ നമുക്ക് ചുറ്റുമുണ്ട്.

താൻ ഒരു കള്ളുകുടിയൻ ആണെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. താൻ ഒരു മാങ്കൂട്ടത്തിൽ ആണെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. ജീവശ്വാസം അവസാനിക്കുന്നത് വരെ ഈഴവന് വേണ്ടി താൻ ശബ്ധിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

താൻ മുസ്ലീം വിരോധിയാണെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ? എല്ലാത്തവണയും താൻ ആദ്യം കൈനീട്ടം നൽകുന്നത് ഒരു മുസ്ലീമിനാണ്. എസ്എൻ സ്ഥാപനങ്ങളുടെ അഭിഭാഷകൻ ഒരു മുസ്ലീമാണ്. തന്നെ ചർച്ച ചെയ്ത് ഇല്ലാതാക്കാൻ പല സ്ഥാപനങ്ങളും മാധ്യമ പ്രവർത്തകരും ശ്രമിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

രാഹുലിന് സ്വഭാവശുദ്ധി അശേഷമില്ലെന്ന് വാർത്തകളിലൂടെ മനസ്സിലാക്കുന്നു. വലിയ കൊമ്പനായി നടന്ന ആളല്ലേ, ഇപ്പോൾ കൊമ്പും ഒടിഞ്ഞ്, കാലും ഒടിഞ്ഞ് എംഎൽഎ സ്ഥാനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

രാഹുലിനെതിരെ തുറന്നടിച്ച് ടി.എൻ. പ്രതാപൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തുറന്നടിച്ച് ടി.എൻ. പ്രതാപൻ. പൊതുപ്രവ‍ർത്തകർ സമൂഹത്തിന് മാതൃകയാവണമെന്ന് ടി.എൻ. പ്രതാപൻ. ആരോപണങ്ങൾ ​ഗൗരവതരമെന്നും ടി.എൻ. പ്രതാപൻ പ്രതികരിച്ചു. രാഷ്ട്രീയ നേതാക്കളുടെ സ്വഭാവശുദ്ധി ജനങ്ങള്‍ വിലയിരുത്തും, വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തനത്തിലും അവര്‍ കളങ്കരഹിതരാകണമെന്നും കൂട്ടിച്ചേർത്തു.

രാഹുലിൻ്റെ രാജിക്കായി കെപിസിസിയിൽ സമ്മർദം

രാഹുലിൻ്റെ രാജിക്കായി കെപിസിസിയിൽ സമ്മർദം. നിയമസഭാ സമ്മേളനത്തിന് മുൻപ് രാജിവയ്പ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ കീഴ്‌വഴക്കങ്ങള്‍ നോക്കേണ്ടെന്നും ഒരു വിഭാഗം.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: വിചാരണയ്ക്ക് മുന്നോടിയായുള്ള കോടതി നടപടികൾ ആരംഭിച്ചു

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ വിചാരണയ്ക്ക് മുന്നോടിയായുള്ള കോടതി നടപടികൾ ആരംഭിച്ചു. കോടതിയുടെ സമൻസ് പ്രകാരം പ്രതികൾ ഹാജരായി. സിപിഐഎം നേതാവ് അരവിന്ദാക്ഷൻ നേരിട്ട് ഹാജരായി. കുറ്റപത്രം ഒക്ടോബർ 18ന് പരിഗണിക്കും.

രാജിവയ്ക്കില്ലെന്ന് രാഹുൽ

പാലക്കാട് എംഎൽഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ.

കത്ത് വിവാദം കത്തുമ്പോള്‍ മറയ്ക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം, പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ല - ഷാഫി

ഷാഫി പറമ്പില്‍ എംപി
ഷാഫി പറമ്പില്‍ എംപിSource: News Malayalam 24x7

ആരോപണവിധേയരെ സിപിഐഎമ്മും ബിജെപിയും സംരക്ഷിക്കുന്നു - ഷാഫി

രാഹുലിന് എതിരെ നിയമപരമായി പരാതിയില്ല - ഷാഫി പറമ്പില്‍

സിപിഐഎമ്മിന് രാജി ആവശ്യപ്പെടാനുള്ള ധാർമികതയില്ല, കോൺഗ്രസ്സിനെ കാടടച്ച് കുറ്റപ്പെടുത്തുന്നു - ഷാഫി പറമ്പില്‍

"ഒളിച്ചോടിയിട്ടില്ല"; മാധ്യമങ്ങളെ വിമർശിച്ച് ഷാഫി

ഒളിച്ചോടിയെന്ന പ്രചരണം നടത്തിയെന്ന് ഷാഫി പറമ്പില്‍ എംപി. ബിഹാറിൽ വോട്ടർ അധികാർ യാത്രയില്‍ പങ്കെടുക്കാനാണ് പോയത്. ചിലർ വസ്തുതകള്‍ വളച്ചൊടിച്ചുവെന്നും ഷാഫി.

വൈദികരെ രാഷ്ട്രീയ ഗുണ്ടകള്‍ ആക്രമിച്ചത് അപലപനീയം: കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

വൈദികരെ രാഷ്ട്രീയ ഗുണ്ടകള്‍ ആക്രമിച്ചത് അപലപനീയമെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. കോട്ടയം സിഎംഎസ് കോളേജ് കാമ്പസില്‍ ഇടതുപക്ഷ ഗുണ്ടകള്‍ അതിക്രമിച്ച് കടന്ന് വൈദികരെ ആക്രമിച്ച നടപടിയെ ശക്തമായി അപലപിക്കുന്നു. ക്രൈസ്തവ മാനേജ്‌മെൻ്റ് സ്ഥാപനങ്ങളെയും നടത്തിപ്പുകാരെയും ആക്രമിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മഹിളാ മോർച്ചയുടെ 'തൊട്ടിൽകെട്ടി' പ്രതിഷേധം

Source: News Malayalam 24x7

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തൃശൂരിൽ മഹിളാ മോർച്ച പ്രതിഷേധം. നടുറോട്ടിൽ തൊട്ടിൽ കെട്ടിയാണ് മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്റെ നേതൃത്വത്തിൽ പ്രതിഷേധം.

ഷാഫിയുടെ ഉദ്ഘാടന വേദിയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം

ഷാഫി പറമ്പിൽ പങ്കെടുക്കുന്ന വടകരയിലെ ഉദ്ഘാടനവേദിയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം. അവർക്ക് പിന്തുണയുമായി സിപിഐഎം പ്രവർത്തകരും എത്തിയിട്ടുണ്ട്. കൂടുതൽ പൊലീസുകാർ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

മൗനം വെടിയാൻ ഷാഫി പറമ്പിൽ; ഉടൻ മാധ്യമങ്ങളെ കാണും

രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാൻ ഷാഫി പറമ്പിൽ. വടകരയിൽ പൊതു പരിപാടിക്ക് ശേഷം ഉടൻ മാധ്യമങ്ങളെ കാണും.

പാലക്കാട് സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിൽ നിന്ന് രാഹുലിനെ ഒഴിവാക്കാൻ പറഞ്ഞിട്ടില്ല, സ്വയം മാറി നിൽക്കുന്നതാവും നല്ലത്: വി. ശിവൻകുട്ടി

പാലക്കാട് സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിൻ്റെ സംഘാടകസമിതി രൂപീകരണയോഗത്തിൻ്റെ അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുലിനെ ഒഴിവാക്കാൻ പറഞ്ഞിട്ടില്ല, സ്വയം മാറി നിൽക്കുന്നതാവും നല്ലതെന്ന് മന്ത്രി വി. ശിവൻകുട്ടി. രാഹുൽ മാങ്കൂട്ടത്തിലിനെ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല, ഒളിവിലാണെന്നും ശിവൻകുട്ടി പറഞ്ഞു. ശാസ്‌ത്രോത്സവം ഉദ്ഘാടന പരിപാടിയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

വി.കെ. ശ്രീകണ്ഠന്റെ പ്രസ്താവന പൊളിറ്റിക്കലി ഇന്‍കറക്ട്, അപ്പോള്‍ തന്നെ വിളിച്ചു പ്രതിഷേധം അറിയിച്ചു: വി.ഡി. സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീകൾക്കെതിരായ വി.കെ. ശ്രീകണ്ഠന്റെ പ്രസ്താവന പൊളിറ്റിക്കലി ഇന്‍കറക്ടെന്ന് പ്രതിപക്ഷ നേതാവ്. അപ്പോള്‍ തന്നെ വിളിച്ചു പ്രതിഷേധം അറിയിച്ചുവെന്നും കോൺഗ്രസിൽ അതൊന്നും പറ്റില്ലെന്നും വി.ഡി. സതീശൻ പ്രതികരിച്ചു.

ആരോപണമുന്നയിച്ച സ്ത്രീകൾക്കെതിരെ യുഡിഎഫ് പ്രവ‍ർത്തക‍ർ സൈബ‍ർ ആക്രമണം നടത്തരുത്, ശ്രദ്ധയിൽ പെട്ടാൽ ക‍ർശന നടപടി: വി.ഡി. സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച സ്ത്രീകൾക്കെതിരെ യുഡിഎഫ് പ്രവ‍ർത്തക‍ർ സൈബ‍ർ ആക്രമണം നടത്തരുത്, ശ്രദ്ധയിൽ പെട്ടാൽ ക‍ർശന നടപടിയെന്ന് പ്രതിപക്ഷ വി.ഡി. സതീശൻ. സിപിഐഎം നേതാക്കൾ കോഴി ഫാം നടത്തുന്നു, പ്രകടനം നടത്തേണ്ടത് അങ്ങോട്ടാണെന്നും വി.ഡി. സതീശൻ പ്രതികരിച്ചു.

പാസിങ്ങ് ഔട്ടായ എഎംവിഐമാർക്ക് കെഎസ്ആർടിസിയിലും ട്രെയിനിങ്ങ് നൽകും: മന്ത്രി ഗണേഷ് കുമാർ

പാസിങ്ങ് ഔട്ടായ എഎംവിഐമാർക്ക് കെഎസ്ആർടിസിയിലും ട്രെയിനിങ്ങ് നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ. കെഎസ്ആർടിസി വർക്‌ഷോപ്പുകളിൽ ഒരു മാസമാണ് ട്രെയിനിങ്. പുതുതായി എത്തുന്നവർക്ക് പ്രായോഗിക ജ്ഞാനവും വേണം. ഒരു സേനയെന്ന നിലയിൽ പൊലീസിനൊപ്പം നിന്ന് പ്രവർത്തിക്കാൻ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്മാർക്കും കഴിയണം. യൂണിഫോമിൻ്റെ നിലവാരം കാത്തു സൂക്ഷിക്കാൻ തയ്യാറാകണം. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാൻ പാടില്ല, തെറ്റ് ചെയ്യാനും പാടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

ധർമസ്ഥല വെളിപ്പെടുത്തൽ: സാക്ഷി അറസ്റ്റിൽ

ധർമസ്ഥല വെളിപ്പെടുത്തലിൽ സാക്ഷി അറസ്റ്റിൽ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രാഹുലിനെ നീക്കിയതല്ല, രാജിവച്ചതാണ്: ദീപാദാസ് മുൻഷി

രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതല്ല, രാജിവച്ചതാണെന്ന് ദീപാദാസ് മുൻഷി. പാർട്ടിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രാഹുലിനെ പാർട്ടി നീക്കിയിട്ടില്ല. രാഹുൽ സ്വന്തം നിലപാട് വ്യക്തമാക്കിയാണ് യൂത്ത് കോൺഗ്രസ് നേതൃത്വം ഒഴിഞ്ഞതെന്നും ദീപാദാസ് മുൻഷി.

പാലക്കാട് സ്‌കൂള്‍ ശാസ്‌ത്രോത്സവം: ഉദ്ഘാടന പരിപാടിയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാങ്കൂട്ടത്തിലിനെ ഒഴിവാക്കി

പാലക്കാട് സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിൻ്റെ സംഘാടകസമിതി രൂപീകരണയോഗത്തിൻ്റെ അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി. വിദ്യാഭ്യാസ വകുപ്പ് പുതിയ നോട്ടീസ് പുറത്തിറക്കി.

യൂത്ത് കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് ക്രമം അട്ടിമറിക്കാൻ ശ്രമം; അബിന്‍ വര്‍ക്കിയെ സാമുദായിക സന്തുലനം നോക്കി ഒഴിവാക്കിയാല്‍ കൂട്ട രാജി: പ്രതിഷേധവുമായി അനുകൂല വിഭാഗം

യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ക്രമം അട്ടിമറിക്കാൻ ശ്രമമെന്ന് അബിൻ വർക്കിയെ അനുകൂലിക്കുന്നവർ. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിനും പരാതികൾ അയച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് പുറത്തുനിന്ന് ഒരാൾ വന്നാൽ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചതാണ് യൂത്ത് കോൺഗ്രസ്. ഇനി സാമുദായിക സന്തുലനം നോക്കേണ്ട കാര്യമില്ല. സാമുദായിക സന്തുലനം നോക്കി അബിൻ വർക്കിയെ ഒഴിവാക്കാൻ ശ്രമിച്ചാൽ കൂട്ടരാജിയെന്നും ഒരു വിഭാഗം.

വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനുമെതിരെ വ്യാപക പോസ്റ്റർ

രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനുമെതിരായ പോസ്റ്ററുകൾ
രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനുമെതിരായ പോസ്റ്ററുകൾSource: News Malyalam 24x7

വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനും എതിരെ വ്യാപക പോസ്റ്റർ. ഇന്ന് ഷാഫി പങ്കെടുക്കുന്ന പരിപാടിയുടെ സ്ഥലത്ത് ഫ്ലക്സ് പതിച്ചാണ് പ്രതിഷേധം. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുക, രാഹുലിന് പിന്തുണ നൽകുന്ന വി.ഡി. സതീശനെയും ഷാഫി പറമ്പിലിനെയും തിരിച്ചറിയുക എന്നിങ്ങനെയുള്ള വാചകങ്ങളാണ് ഫ്ലക്സിലുള്ളത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സുകളുള്ളത്.

അബിൻ വർക്കിയെ സംസ്ഥാന അധ്യക്ഷനായി പരിഗണിക്കണം; ആവശ്യം ശക്തമാക്കി ചെന്നിത്തല വിഭാഗം

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജിക്ക് പിന്നാലെ അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി പരിഗണിക്കണമെന്ന ആവശ്യം ശക്തമാക്കി ചെന്നിത്തല വിഭാഗം.

പതിനാറുകാരിക്ക് പിതാവിൽ നിന്ന്  ലൈംഗികാതിക്രമം; പിതാവിനെതിരെ പോക്സോ കേസ്

കോഴിക്കോട് നാദാപുരം വളയത്ത് 16 വയസുകാരിക്ക് നേരെ പിതാവിൻ്റെ ലൈംഗികാതിക്രമം. 2023 മുതൽ പിതാവിൽ നിന്ന് തുടർച്ചയായ ലൈംഗികാതിക്രമം നടന്നതായി കുട്ടി പൊലീസിന് മൊഴി നൽകി. പിതാവിനെതിരെ വളയം പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.

ലൈംഗികാതിക്രമ പരാതി; ചവറ കുടുംബ കോടതി ജഡ്ജിക്കെതിരെ അന്വേഷണം

ലൈംഗികാതിക്രമ പരാതിയിൽ കൊല്ലം ചവറ കുടുംബ കോടതി ജഡ്ജിക്കെതിരെ അന്വേഷണം. ഹൈക്കോടതി അന്വേഷണം തുടങ്ങി. കക്ഷികളായെത്തിയ വനിതകളോട് അപമര്യാദമായി പെരുമാറിയെന്നാണ് പരാതി. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള റജിസ്ട്രാർക്കാണ് അന്വേഷണ ചുമതല. ചൊവാഴ്ച്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.

സുധാകര്‍ റെഡ്ഡിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മികച്ച പാര്‍ലമന്റിയന്‍ ആയിരുന്നു സുധാകര്‍ റെഡ്ഡി. തൊഴിലാളികളുടെയും സാധാരണക്കാരുടെയും ശബ്ദം പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമായിരുന്നു. സൗമ്യനും സമൂഹത്തിനാകെ സ്വീകാര്യനുമായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സുധാകര്‍ റെഡ്ഡിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

സുധാകർ റെഡ്ഡി
സുധാകർ റെഡ്ഡി

വോട്ടര്‍ പട്ടിക വിവാദം, സുരേഷ് ഗോപിയുടെ സഹോദരന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇരട്ടവോട്ട് ആരോപണത്തില്‍ സുരേഷ് ഗോപിയുടെ സഹോദരന്റെ മൊഴിയെടുക്കാന്‍ പൊലീസ്. സുഭാഷ് ഗോപിയുടെ മൊഴിയെടുക്കും. ടി.എന്‍. പ്രതാപന്റെ പരാതിയില്‍ ആണ് അന്വേഷണം. അന്വേഷണത്തില്‍ നിയമപദേശം കാത്ത് പൊലീസ്. പരാതിയില്‍ പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

കൊല്ലത്ത് നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് മരണം

കൊല്ലത്ത് നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് മരണം. കാറിൽ ഉണ്ടായിരുന്ന റോഡ് വിള സ്വദേശി മുഹമ്മദ് അലി(23), കരിങ്ങന്നൂര്‍ സ്വദേശി അമ്പാടി സുരേഷ്(23) എന്നിവരാണ് മരിച്ചത്. ഓയൂരില്‍ രാത്രി 11.30 ഓടെ ആയിരുന്നു അപകടം. കാറില്‍ ഉണ്ടായിരുന്ന അഹ്‌സന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കാര്‍ റോഡിന്റെ വശത്തേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.

accident
accident

"രജിസ്ട്രാറുടെ സീൽ മറ്റാർക്കും കൈമാറരുത്"; പിടിച്ചെടുക്കാനുള്ള വിസിയുടെ നിർദേശം തള്ളി സിൻഡിക്കേറ്റ്

കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാറിൻ്റെ സീൽ പിടിച്ചെടുക്കാനുള്ള വിസിയുടെ നിർദേശം തള്ളി സിൻഡിക്കേറ്റ്. രജിസ്ട്രാറുടെ സീൽ മറ്റാർക്കും കൈമാറരുതെന്ന് നിർദേശം.

വിസി നിർദേശിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥരല്ല ഔദ്യോഗിക സീൽ കൈവശം വയ്‌ക്കേണ്ടതെന്നാണ് സിന്‍ഡിക്കേറ്റ് നിലപാട്. വിസിക്ക് ചുമതല നൽകാൻ അധികാരമില്ലെന്നും സിൻഡിക്കേറ്റ്.

രജിസ്ട്രാറുടെ സീൽ പതിപ്പിക്കാനാകാത്തത് മൂലം വിദ്യാർഥികൾ പ്രതിസന്ധിയിൽ ആയതിനെ തുടർന്നായിരുന്നു വൈസ് ചാൻസലറുടെ നടപടി.

ഹണി ഭാസ്കരനെതിരായി സൈബർ ആക്രമണം: എഫ്ഐആർ രജിസ്റ്റർ ചെയ്തു

എഴുത്തുകാരി ഹണി ഭാസ്കറിനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സൈബർ പോലീസ് ആണ് 9 ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ കേസെടുത്തത്. യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അനുവാദമില്ലാതെ ചിത്രം പ്രചരിപ്പിക്കൽ അടക്കമുള്ള നിയമലംഘനങ്ങൾ ചൂണ്ടിക്കാണിച്ചാണ് എഫ്ഐആർ. എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള വെളിപ്പെടുത്തലിന് ശേഷമാണ് ഹണി സാമൂഹ്യ മാധ്യമത്തിലൂടെ സൈബർ ആക്രമണം നേരിടാൻ തുടങ്ങിയത്.

നാദാപുരത്ത് വയോധികരെ പരേതരാക്കി വോട്ട് ഒഴിവാക്കാൻ ശ്രമം

നാദാപുരത്ത് വോട്ട് തള്ളിക്കാന്‍ ശ്രമം
നാദാപുരത്ത് വോട്ട് തള്ളിക്കാന്‍ ശ്രമംSource: News Malyalam 24x7

നാദാപുരത്ത് വയോധികരെ പരേതരാക്കി വോട്ട് തള്ളിക്കാൻ ശ്രമം. നാദാപുരം പഞ്ചായത്തിലെ 24-ാം വാർഡിലാണ് സംഭവം.

വയോധികരായ തട്ടാൻ കുന്നുമ്മൽ പാത്തു, ചെറുവത്ത് മീത്തൽ പാത്തു എന്നിവർ മരിച്ചതായിട്ടാണ് പരാതി ഉന്നയിച്ചത്. എന്നാല്‍, പരാതി അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇവർ ഹാജരായി.

മുൻപും നാദാപുരത്ത് വയോധികയെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കാൻ ശ്രമം നടന്നിരുന്നു. മൂടാടി പഞ്ചായത്തിലും വയോധികനെ പരേതനാക്കി വോട്ട് ഒഴിവാക്കാൻ അപേക്ഷ നല്‍കിയിരുന്നു.

തിരുവനന്തപുരത്ത് പൊലീസുകാരനെ കുത്തി പരിക്കേൽപ്പിച്ച ആൾ പിടിയിൽ

തലസ്ഥാനത്ത് പൊലീസുകാരനെ കുത്തിയ ആള്‍ അറസ്റ്റില്‍
തലസ്ഥാനത്ത് പൊലീസുകാരനെ കുത്തിയ ആള്‍ അറസ്റ്റില്‍Source: News Malayalam 24x7

തിരുവനന്തപുരത്ത് പൊലീസുകാരനെ കുത്തി പരിക്കേൽപ്പിച്ച ആൾ പിടിയിൽ. പാറോട്ടുകോണം സ്വദേശി സജീവാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രിയാണ് ഇയാൾ പൊലീസുകാരനെ കുത്തിയത്. വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമായിരുന്നു ആക്രമണത്തിന് കാരണം. വലിയതുറ സ്റ്റേഷനിലെ പൊലീസുകാരൻ മനുവിനാണ് പരിക്കേറ്റത്.

ഷാഫിക്കെതിരെയും പ്രതിഷേധവുമായി ഡിവൈഎഫ്ഐ 

ഷാഫിക്കെതിരെയും ഡിവൈഎഫ്ഐ പ്രതിഷേധം
ഷാഫിക്കെതിരെയും ഡിവൈഎഫ്ഐ പ്രതിഷേധം

ഷാഫി പറമ്പിലിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ ഇന്ന് വൈകിട്ട് വടകരയിൽ യുവജന പ്രതിഷേധം സംഘടിപ്പിക്കും. വടകരയിലെ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധം. ഷാഫി മാങ്കൂട്ടം സ്ക്കൂളിന്റെ ഹെഡ് മാസ്റ്ററെന്ന് ഡിവൈഎഫ്ഐ

"വിഭജന ഭീതി ദിനാചരണം നടപ്പാക്കേണ്ടെന്ന  സർക്കുലർ സർവകലാശാലയുടെ താൽപ്പര്യങ്ങളെ മുൻനിർത്തി"; സാങ്കേതിക സർവകലാശാല വിസിക്ക് മറുപടി നല്‍കി അക്കാദമിക് ഡീൻ

വിഭജന ഭീതി ദിനാചരണം നടപ്പാക്കേണ്ടയെന്ന് കോളേജുകള്‍ക്ക് സർക്കുലർ അയച്ചതുമായി ബന്ധപ്പെട്ട് സാങ്കേതിക സർവകലാശാല വിസി വിശദീകരണം തേടിയതില്‍ മറുപടി നൽകി അക്കാദമിക് ഡീൻ ഡോ. വിനു തോമസ്. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതിനിധീകരിക്കുന്നത് സർക്കാരിനെ മാത്രമല്ലെന്നും സർവകലാശാലയുടെ പ്രോ ചാൻസലർ കൂടിയാണ് മന്ത്രിയെന്നും മറുപടിയില്‍ ഡീന്‍ പറയുന്നു.

ഡീനിന്റെ പദവിയിലിരുന്ന് സ്വതന്ത്രമായി ആശയവിനിമയം നടത്തുന്ന മുൻഗാമികളുടെ ശൈലിയാണ് താനും പിന്തുടർന്നത്. സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളുമായി ആശയവിനിമയം നടത്തുന്നത് സർവകലാശാല ചട്ടങ്ങളുടെ ലംഘനമല്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം അടിയന്തര സ്വഭാവമുള്ളതും സാമുദായിക സൗഹാർദം നിലനിർത്തുന്നതിനും വേണ്ടിയുള്ളതായിരുന്നു. സർവകലാശാലയുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും താൽപര്യങ്ങളെ മുൻനിർത്തിയായിരുന്നു തീരുമാനം. നടപടിയിൽ യാതൊരുവിധ ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്നുമാണ് ഡീനിന്റെ വിശദീകരണം.

രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണവുമായി ഷാഫി പറമ്പില്‍

ലൈഗിംകാരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണവുമായി ഷാഫി പറമ്പില്‍ എംപി. ആരോപണങ്ങളിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും പരാതി നല്‍കി. പുതിയ അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കരുതെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

മെസി വരും ട്ടാ...

മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ അര്‍ജന്റീന ടീമിന്റെ നിര്‍ണായക പ്രഖ്യാപനം. അര്‍ജന്റീനിയന്‍ ദേശീയ ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. കേരളത്തില്‍ കളിക്കുന്ന തീയതി എഎഫ്എ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സെര്‍ജിയോ ഗോർ യുഎസിന്റെ പുതിയ ഇന്ത്യന്‍ അംബാസിഡർ

തീരുവ യുദ്ധത്തില്‍ ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെ തന്റെ അടുത്ത അനുയായിയായ സെര്‍ജിയോ ഗോറിനെ യുഎസിന്റെ പുതിയ ഇന്ത്യന്‍ അംബാസിഡറായി പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. തന്റെ അജണ്ട നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന കരങ്ങളെന്നും ട്രംപ്. ഇന്ത്യയിലെ അംബാസഡറായും ദക്ഷിണ, മധ്യേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള പ്രത്യേക ദൂതനായുമാണ് നിയമനം.

News Malayalam 24x7
newsmalayalam.com