

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും സംബന്ധിച്ച് സര്‍ക്കാരിന് അവ്യക്തത. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം ഉപഭോഗം കൂടിയതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും, കെഎസ്ഇബിയും ഒരുപോലെ പറയുമ്പോള്‍ തന്നെ എത്രകാലത്തേക്ക് നിയന്ത്രണം വേണ്ടിവരും എന്ന കാര്യത്തില്‍ വ്യക്തതയില്ല. സെപ്റ്റംബര്‍ 15ഓടെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് മുഖ്യമന്ത്രി രാവിലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍, വൈദ്യുതി നിയന്ത്രണം ഈമാസം 30 വരെ തുടരേണ്ടിവരുമെന്നാണ് മന്ത്രി സണ്ണി ജോസഫ് വിളിച്ച ഉന്നതതല യോഗത്തിനുശേഷം കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം വ്യക്തമാക്കിയത്. ഉന്നതതല യോഗം നടക്കുന്നതിനു മുന്നേയായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം.
വൈദ്യുതിയുടെ ആവശ്യകത മുൻ വർഷങ്ങളേക്കാൾ കൂടിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 800-900 മെഗാ യൂണിറ്റ് വരെ ഉപഭോഗം കൂടി. വൈദ്യുതി പ്രതിസന്ധി നേരിടാൻ സര്‍ക്കാര്‍ ഒരുപാട് നടപടി എടുത്തു. കൽക്കരി ക്ഷാമം കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൈദ്യുതി ഉൽപ്പാദനം കുറഞ്ഞു. പീക്ക് സമയങ്ങളിൽ കൂടിയ വിലയ്ക്കാണ് വൈദ്യുതി വാങ്ങേണ്ടിവരുന്നത്. എങ്കിലും അമിത നിരക്ക് ഈടാക്കാതെ എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. മഴ കുറഞ്ഞതിനാല്‍, ഡാമുകളില്‍ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് വെള്ളമുള്ളത്. ഇത് ആഭ്യന്തര ഉല്‍പ്പാദനം ഗണ്യമായി കുറയാനും കാരണമായി. സെപ്റ്റംബർ 15ഓടെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നുമാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
അതേസമയം, സംസ്ഥാനത്ത് ഈ മാസം 30 വരെ വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് ഉന്നതതല യോഗത്തിനുശേഷം കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം പ്രതികരിച്ചത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം. ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിനോ ബോർഡിനോ ആഗ്രഹമില്ല. പക്ഷേ, അടിയന്തര സാഹചര്യം മറികടക്കാൻ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. സെപ്റ്റംബർ 30വരെ വൈദ്യുതി ലോഡ് കുറച്ച് നിയന്ത്രണം പാലിക്കുക മാത്രമാണ് പ്രധാന പോംവഴി. പവർ കട്ടുകൾ മൂലമുണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കാൻ, എപ്പോഴൊക്കെയാണ് വൈദ്യുതി നിയന്ത്രണം എന്ന് മുൻകൂട്ടി ജനങ്ങളെ അറിയിക്കും. അതിനുള്ള പ്രത്യേക സോഫ്റ്റ്‌വെയർ സജ്ജമാക്കുന്നുണ്ട്. ഒക്ടോബറോടെ 500 മെഗാവാട്ട് വൈദ്യുതി പുതിയതായി ലഭ്യമാകും. സ്വാപ്പ് കരാറുകള്‍ വഴിയും വൈദ്യുതി ലഭിക്കുന്നതോടെ നിലവിലുള്ള 900 മെഗാവാട്ടിന്റെ കുറവ് നികത്താൻ സാധിക്കും. ഒക്ടോബർ, നവംബർ മാസങ്ങളിൽ നിയന്ത്രണം ഇല്ലാതെ പോകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാജമാണിക്യം കൂട്ടിച്ചേര്‍ത്തു.