വൈദ്യുതി പ്രതിസന്ധി രൂക്ഷം; സ്വിച്ചിട്ട് നിർത്താനോ, അത്ഭുതങ്ങൾ പ്രവർത്തിക്കാനോ സാധിക്കില്ല, നിയന്ത്രണം തുടരും: വൈദ്യുതി മന്ത്രി

"25 വർഷത്തേക്ക് യൂണിറ്റിന് 4.29 രൂപ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന കരാർ കഴിഞ്ഞ സർക്കാര്‍ റദ്ദാക്കിയത് തിരിച്ചടിയായി"
മന്ത്രി സണ്ണി ജോസഫ്
മന്ത്രി സണ്ണി ജോസഫ്Source: News Malayalam 24x7
Published on
Updated on

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട്. സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാണ്. ഒറ്റയടിക്ക് തീര്‍ക്കാനാകുന്ന പ്രതിസന്ധിയല്ല. ഉപഭോഗം വര്‍ധിക്കുകയും, ഉല്‍പ്പാദനം കുറയുകയും ചെയ്തു. കഴിഞ്ഞവർഷം ഈ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ ആയിരത്തിലധികം മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് നിലവിലുള്ളത്. ഒന്നിലേറെ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ വൈദ്യുത ബോർഡ് നിർബന്ധിതരായിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി ബോർഡ് ചെയർമാനുമായി ചർച്ച നടത്തി. കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ നടപടിയെടുക്കുമെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി.

പുതിയ കെട്ടിടങ്ങളുടെ നിർമാണവും എസി, ഫാൻ എന്നിവയുടെ അമിത ഉപയോഗവും രാത്രികാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതും പീക്ക് അവറിലെ വൈദ്യുതി ഉപയോഗം ഗണ്യമായി ഉയർത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി ഉപഭോഗം വർധിക്കുകയും ഉൽപ്പാദനം കുറയുകയും ചെയ്തതിനൊപ്പം കൽക്കരി ക്ഷാമവും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. പെട്ടെന്ന് വൈദ്യുതി വാങ്ങുന്ന ഡേ ഹെഡ് മാർക്കറ്റിലോ റിയൽ ടൈം മാർക്കറ്റിലോ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ല. ദേശീയതലത്തില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ വിലയും വര്‍ധിച്ചു. രാത്രികാലങ്ങളിൽ പരമാവധി 10 രൂപവരെയുള്ള നിരക്കിലേ ബോർഡിന് വൈദ്യുതി വാങ്ങാൻ സാധിക്കൂ. സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്. ഇടുക്കി പദ്ധതിക്കുശേഷം മറ്റു വലിയ ജലവൈദ്യുതി പദ്ധതികളൊന്നും ആരംഭിക്കാൻ സാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രി സണ്ണി ജോസഫ്
ഇനി അറിയിച്ചില്ലെന്ന് പറയരുത്... ഇന്നും കറന്റ് പോകും, വൈകിട്ട് 6.45നും രാത്രി 12.45നും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും...

മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ കാലത്ത് 25 വർഷത്തേക്ക് യൂണിറ്റിന് 4.29 രൂപ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന ദീർഘകാല കരാർ ഉണ്ടാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ സർക്കാര്‍ അത് റദ്ദാക്കിയത് വലിയ തിരിച്ചടിയായി. കരാർ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസ് നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.

പകൽ ലഭിക്കുന്ന സോളാർ വൈദ്യുതി രാത്രികാലത്തേക്ക് ശേഖരിച്ചുവയ്ക്കുന്നതിനായി കാസർഗോഡ്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ പദ്ധതികൾ പുരോഗമിക്കുകയാണ്. കൂടാതെ ബ്രഹ്മപുരത്ത് 500 മെഗാവാട്ടിന്റെ ബാറ്ററി എനർജി സ്റ്റോറേജ് പ്രൊജക്ടിനായി സ്ഥലം ഒരുങ്ങിയിട്ടുണ്ട്. നിലവിലെ വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനോ, അത്ഭുതങ്ങൾ പ്രവർത്തിക്കാനോ സാധിക്കുന്ന ഒന്നല്ല. ജനങ്ങളുടെ പൂർണ സഹകരണം ആവശ്യമാണെന്നും മന്ത്രി അഭ്യർഥിച്ചു.

News Malayalam 24x7
newsmalayalam.com