സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. ആറ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. കണ്ണൂർ, കാസർഗോഡ്, തൃശൂർ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തുടങ്ങിയ ജില്ലകളിലാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബാക്കിയുള്ള 8 ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. സംസ്ഥാനത്ത് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതിനാൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവർഷത്തിന്റെ ഭാഗമായി അടുത്ത നാല് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരും. മഴ കനത്താലുള്ള അപകടസാധ്യത കണക്കിലെടുത്ത് ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങൾ, പുഴയോരം, സ്ഥിരമായി വെള്ളം കയറുന്ന സ്ഥലങ്ങൾ, എന്നിവിടങ്ങളിൽ താമസിക്കുന്നവർ ബന്ധു വീടുകളിലേക്കോ ക്യാംപുകളിലേക്കോ മാറിത്താമസിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതി തീവ്രമഴയ്ക്കൊപ്പം വിവിധ പ്രദേശങ്ങളിൽ മഴക്കെടുതിയും രൂക്ഷമാണ്. പ്രളയ സാധ്യതയും അവഗണിക്കാനാകില്ല. കോഴിക്കോട് വിലങ്ങാട് ശക്തമായ മഴയാണ്. പെരിയാറിലെ ജല നിരപ്പുയർന്നു. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് പ്രളയ മുന്നറിയിപ്പ് ലെവൽ കടന്നു. അപകട വാർത്തകളും പുറത്തുവരുന്നുണ്ട്. തിരുവനന്തപുരം നെടുമങ്ങാട് മൂഴിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. കോട്ടയത്ത് 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 83 കുടുംബങ്ങളിൽ നിന്നുള്ള 246 പേർ ക്യാമ്പുകളിലാണ്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ), കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിറിപ്പുണ്ട്. ഇവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ശക്തമായ മഴ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മഴയോടൊപ്പം ശക്തമായ കാറ്റിനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്.