തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില റോക്കറ്റ് പോലെ കുതിച്ചുയർന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റും ഹോട്ടൽ വ്യവസായവും കടുത്ത പ്രതിസന്ധിയിലായി. പൊന്നി അരിക്ക് ഒരു മാസത്തിനിടെ കിലോഗ്രാമിന് 15 രൂപയോളമാണ് വർദ്ധിച്ചത്. വടക്കൻ കേരളത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന മട്ട അരി കിലോയ്ക്ക് 60 രൂപയിലേക്കെത്തി. പൊന്നിക്കും സോന അരിക്കും ചില്ലറ വിപണിയിൽ 80 രൂപയും, തഞ്ചാവൂർ പൊന്നിക്ക് 70 രൂപയും, തമിഴ്‌നാട് പൊന്നിക്ക് 55 രൂപയുമാണ് നിലവിലെ വില.
ബിരിയാണി, മന്തി വിഭവങ്ങൾക്കായി ഉപയോഗിക്കുന്ന ബസുമതി അരിയുടെ വില കിലോയ്ക്ക് 130 രൂപ കടന്നതോടെ ഹോട്ടൽ വ്യാപാരികളും നട്ടംതിരിയുകയാണ്. പാലക്കാടൻ ജയയ്ക്ക് 53.50 മുതൽ 55 രൂപ വരെയും, ചമ്പ അരിക്ക് 59 രൂപയും, ജെമിനി വടി അരിക്ക് 56 രൂപയും, കാവേരി വടി നല്ലരി വടി എന്നിവയ്ക്ക് 60 രൂപയുമാണ് വിപണി നിരക്ക്. ആന്ധ്ര വെള്ളയരി 53 രൂപയ്ക്കും പവിഴം, കാവേരി ഉണ്ട, നിർമൽ ഉണ്ട എന്നിവ 50 രൂപയ്ക്കും കുറുവ അരി 48 രൂപയ്ക്കുമാണ് നിലവിൽ വിൽപ്പന നടക്കുന്നത്.
ആന്ധ്രാപ്രദേശിൽ നിന്നും കർണാടകയിൽ നിന്നും കേരളത്തിലേക്കുള്ള അരി വരവ് ഗണ്യമായി കുറഞ്ഞതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ദേശീയതലത്തിൽത്തന്നെ നെല്ലുത്പാദനത്തിലുണ്ടായ ഇടിവാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എൽ-നിനോ പ്രതിഭാസവും കാലാവസ്ഥാ വ്യതിയാനവും മൂലം ഇത്തവണ ഖാരിഫ് സീസണിൽ രാജ്യത്തെ നെൽകൃഷിയിൽ നാല് ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ വർഷം 154 ദശലക്ഷം ടൺ അരി ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ അത് 147 ദശലക്ഷം ടണ്ണായി ചുരുങ്ങുമെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇതിനിടെ, അരിയുടെയും ഗോതമ്പിന്റെയും ബഫർ സ്റ്റോക്കിൽ നിന്ന് എഥനോൾ ഉത്പാദനത്തിനായി ധാന്യം മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ആശങ്ക പ്രകടിപ്പിച്ചു.
കേരളം ഉൾപ്പെടെയുള്ള അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് 2027 ജനുവരി 31 വരെ അരിക്ക് സ്റ്റോക്ക് പരിധി നിശ്ചയിക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെങ്കിലും പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്താത്തതാണ് വിലക്കയറ്റത്തിന് വഴിവെച്ചതെന്ന വിമർശനവും ശക്തമാണ്.
വിപണിയിൽ അരിവില അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലുകൾ നടത്താൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മന്ത്രി അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ, ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം വഴി എഫ്‌സിഐയിൽ നിന്ന് കൂടുതൽ അരി വാങ്ങി റേഷൻ കടകൾ വഴി അധിക വിഹിതമായി വിതരണം ചെയ്യാൻ തീരുമാനിച്ചു. ഇതിനായി എഫ്‌സിഐയ്ക്ക് ഔദ്യോഗികമായി കത്ത് നൽകും. അരി പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി സംസ്ഥാനത്തുടനീളം പ്രത്യേക പരിശോധനാ സ്ക്വാഡുകളെ നിയോഗിക്കാനും തീരുമാനമായി.
ഇതിനുപുറമെ, ഡിസംബർ 17 മുതൽ 31 വരെ സംസ്ഥാനത്തെ 70 കേന്ദ്രങ്ങളിൽ സപ്ലൈകോയുടെ ക്രിസ്മസ് ചന്തകൾ ആരംഭിക്കാനും, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് നഗരങ്ങളിൽ എ.സി മെഗാ ചന്തകൾ ഒരുക്കി കുറഞ്ഞ നിരക്കിൽ അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാനും സർക്കാർ ധാരണയായിട്ടുണ്ട്.