

കൊച്ചി: സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിലായി നാല് പേര്‍ക്ക് ദാരുണാന്ത്യം. വയനാട് മാനന്തവാടിയില്‍ കൂട്ടുകാര്‍ക്കൊപ്പം ട്യൂഷന് പോവുകയായിരുന്ന പന്ത്രണ്ടുവയസുകാരി കാറിടിച്ച് മരിച്ചു. കോട്ടയത്ത്, മിനിലോറി മരത്തിലിടിച്ച് ഡ്രൈവര്‍ക്കും, കോഴിക്കോട്, റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ച് വയോധികയ്ക്കും ജീവന്‍ നഷ്ടമായി. കക്കാടംപൊയിലില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.
മാനന്തവാടി രണ്ടേനാലില്‍ റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാര്‍ഥിനിയാണ് തെറ്റായ ദിശയില്‍ എത്തിയ കാര്‍ ഇടിച്ച് മരിച്ചത്. പടിഞ്ഞാറെ പുത്തന്‍പുരയില്‍
രാജേഷ്- സ്വപ്ന ദമ്പതികളുടെ മകള്‍ ദിവയ്ക്ക് ആണ് ജീവന്‍ നഷ്ടമായത്. ഇന്നലെ വൈകിട്ട് സഹോദരന്‍ ഡെറിക്കിന് ഒപ്പം ട്യൂഷന് പോകുമ്പോള്‍ ആണ് അപകടം. വാഹനം ഓടിച്ച
അയലമൂല സ്വദേശി സജിയ്ക്ക് എതിരെ പൊലീസ് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു.
കോഴിക്കോട് കുണ്ടായത്തോട് റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ച് വയോധികയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ പന്നിയങ്കര സ്വദേശി സൈനബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ അമിത വേഗതയില്‍ എത്തിയ മിനി ലോറി മരത്തില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ജീവന്‍ നഷ്ടമായി. ചോറ്റി ചിറ്റടി സ്വദേശി ജോസ് മാത്യു ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ പാല് വിതരണത്തിന് പോയ ലോറിയാണ് മരത്തില്‍ ഇടിച്ചത്. കാസര്‍ഗോഡ് ബേക്കലില്‍ ദീര്‍ഘദൂര ബസ് അപകടത്തില്‍പ്പെട്ട് 36 പേര്‍ക്ക് പരിക്കേറ്റു. ഗോവയില്‍ നിന്ന് എറണകുളത്തേക്ക് പോയ സ്വകാര്യ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
കോഴിക്കോട് കക്കാടംപൊയിലില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് മാറാട് സ്വദേശി സായന്ത് ആണ് മരിച്ചത്. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് കെഎംസിടി ആശുപത്രിയില്‍ ചികിത്സയിലാണ്.