തൃശൂർ: കലാ കേരളത്തെ ആവേശത്തിമിർപ്പിലാക്കിയ കേരളാ സ്കൂൾ കലോത്സവത്തിന് സമാപനം. മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലാണ് പരിപാടിയിൽ മുഖ്യാതിഥിയായത്. കേരള സ്കൂൾ കലോത്സവം മത്സരം മാത്രമല്ല, അതൊരു ഉത്സവമാണ് എന്ന് മോഹൻലാൽ പറഞ്ഞു. കലോത്സവത്തിൻ്റെ ഭാഗമാകാൻ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യവും, പുണ്യവുമായി കാണുന്നുവെന്നും മോഹൻലാൽ വ്യക്തമാക്കി. കലോത്സവം കുട്ടികളെ പങ്കുവയ്ക്കലിൻ്റെ രസം ശീലിപ്പിക്കുന്നു. തോൽവി വിജയത്തിൻ്റെ പടവ് ആണെന്ന് പഠിപ്പിക്കുന്നു. ജയപരാജയം അപ്രസക്തമാണെന്ന് മനസിലാക്കി തരുന്നുവെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി.
ജനങ്ങൾ ഹൃദയത്തിലേറ്റുമെന്ന് ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൻ്റെ എല്ലാ സ്വപ്നങ്ങളെയും യാഥാർഥ്യമാക്കേണ്ടവരാണ് നമ്മുടെ മുന്നിൽ ഇരിക്കുന്ന കുട്ടികൾ. കരുത്തുറ്റ യുവത്വമാണ് വളർന്നുവരുന്നത്. അവരൊക്കെ കേരളത്തിൽ തന്നെ ഉണ്ടാകണം. വിദേശത്ത് പോകാതെ തന്നെ നമ്മുടെ സംസ്ഥാനത്തെ ഉയർന്നതലത്തിലെത്തിക്കാൻ സാധിക്കണം. കുട്ടികൾ ഇല്ലാതെ, നമ്മുടെ സംസ്ഥാനം വൃദ്ധ സദനമായി മാറുമോ എന്ന് പേടിയുണ്ടെന്ന ആശങ്കയും സതീശൻ പങ്കുവച്ചു.
കല മനുഷ്യത്വത്തിൻ്റെ അടയാളമാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മോഹൻലാൽ വന്നത് തന്നെ കുട്ടികൾക്ക് കിട്ടുന്ന സമ്മാനമാണ്. അടുത്ത വർഷം മുതൽ കലയെ ആർട്സ് പരിശീലന കേന്ദ്രം, കലാകായിക അധ്യാപകർക്ക് ജോലി ഉറപ്പാക്കും, അധ്യായനം ആരംഭിക്കുമ്പോൾ തന്നെ കലോത്സവ കലണ്ടർ പുറത്തുവിടും, ഗ്രേസ് മാർക്ക് ശാസ്ത്രീയമായി പരിശോധിക്കുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.
കലോത്സവം അൽപ്പസമയത്തോടെ ഉപചാരം ചൊല്ലി പിരിയുമെന്നായിരുന്നു മന്ത്രി കെ. രാജൻ്റെ പ്രതികരണം. ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ കലോത്സവം ഞങ്ങൾ അടിച്ച് പൊളിച്ചു. കാസർഗോഡുകാരി സിയാ ഫാത്തിമ ഓൺലൈനായി പങ്കെടുത്തതാണ് ഈ കലോത്സവത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്. മാനവികതയുടെ മുന്നിൽ തുറക്കാത്ത വാതിലുകളില്ല. 64ാമത് കലോത്സവം പുത്തൻ അധ്യായം രചിച്ചുവെന്നും മന്ത്രി പറഞ്ഞു.
സിയാ ഫാത്തിമയുടെ പങ്കാളിത്തമാണ് ഈ കലോത്സവത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തുക എന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ഏത് കലോത്സവത്തിലാണ് ആദ്യമായി ഓൺലൈനായി ഒരു മത്സരാർഥി പങ്കെടുത്തതെന്നും, അത് ഏത് വർഷമായിരുന്നുവെന്നും, ആരായിരുന്നു അന്നത്തെ വിദ്യാഭ്യാസമന്ത്രിയെന്നും പുതുതലമുറയ്ക്ക് പറഞ്ഞുകൊടുക്കേണ്ട കാലം വരുമെന്നും എ.എൻ. ഷംസീർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം ചടങ്ങിൽ വച്ച് ന്യൂസ് മലയാളം ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ വി.എസ്. അനു ഏറ്റുവാങ്ങി. സമഗ്ര കവറേജിനുള്ള പ്രത്യേക ജൂറി പരമാർശവും ന്യൂസ് മലയാളത്തിന് ലഭിച്ചു.