തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ. കെ- റെയിൽ ഉപേക്ഷിച്ചു. പകരം അതിവേഗ റെയിൽ പാതയ്ക്ക് അംഗീകാരം നൽകി. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് പുതിയ അതിവേഗ റെയിൽപാത പദ്ധതി. അതേ സമയം വയനാട് ദുരിതബാധിതരുടെ വായ്പാ കുടിശ്ശിക സംസ്ഥാന സര്ക്കാര് ഏറ്റെടുക്കും. ഇതിനായി SLBC യുമായി ചർച്ച നടത്താനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) പദ്ധതി നടപ്പാക്കാൻ മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്പര്യം അറിയിച്ച് കേന്ദ്ര സർക്കാരിന് ഔപചാരികമായി കത്ത് അയക്കും. അതിനാവശ്യമായ കൂടിയാലോചനകൾ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. കേന്ദ്ര സർക്കാരുമായി ചർച്ചകൾക്ക് ശേഷം, കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ധാരണാ പത്രത്തിൽ ഏർപ്പെടും, പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക കാര്യങ്ങൾ, വായ്പാസ്രോതസ്സുകൾ എന്നിവ സംബന്ധിച്ച അന്തിമ അനുമതി നൽകുന്നതിനു ഗതാഗത വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കും.
കെ-റെയിൽ- സിൽവർ ലൈൻ പദ്ധതിയ്ക്ക് ഇന്ത്യൻ റെയിൽവെയുടെ സാങ്കേതിക എതിർപ്പുകൾ കാരണം മുന്നോട്ട് പോകുവാൻ സാധിച്ചിട്ടില്ല. കൂടാതെ ചില പ്രദേശങ്ങളിൽ ജനങ്ങളുടെ എതിർപ്പുകളും ഉണ്ടായതും പദ്ധതി ഉപേക്ഷിക്കാൻ കാരണമായി. നാളിതുവരെയായിട്ടും സംസ്ഥാനം സമർപ്പിച്ച ഡി.പി.ആർ ന് റെയിൽവേയുടെ അനുമതി ലഭ്യച്ചിട്ടില്ല. ഡിപിആർ അനുമതിക്കായി റെയിൽവേ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ സംസ്ഥാനത്തിന്റെ അതിവേഗ വികസന ലക്ഷ്യങ്ങളുമായി ചേർന്നു പോകുന്നതല്ല. അതേ സമയം റെയിൽവേയുടെ അനുമതിയില്ലാതെ പദ്ധതി നടപ്പിലാക്കുവാനും കഴിയില്ല എന്ന സഹചര്യം കണക്കിലെടുത്താണ് പദ്ധതി ഉപേക്ഷിച്ചത്.
വയനാട്ടിലെ ദുരന്തബാധിതരുടെ 1620 വായ്പകളാണ് എഴുതി തള്ളുക. കടബാധ്യത എഴുതള്ളാൻ കഴിയില്ലെന്ന് കേന്ദ്രം കോടതിയിൽ നിലപാടെടുത്തിരുന്നു. ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 18 കോടി 75 ലക്ഷം സംസ്ഥാനം എഴുതി തള്ളും. മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിയിൽ നിന്നാണ് തുക നൽകുക. ദുരന്ത ബാധിതരുടെ മുഴുവൻ കടവും സംസ്ഥാനം എഴുതിത്തള്ളും. 555 പേരുടെ വായ്പയാണ് എഴുതി തള്ളുക. ഒരു കുടുംബത്തിലെ ഒന്നിലധികം കടങ്ങളും എഴുതിത്തള്ളും. ലിസ്റ്റിൽ ഉൾപ്പെടാത്തവരെ ഇനിയും പരിഗണിക്കും.